പനങ്ങാട്. കുമ്പളം പഞ്ചായത്തിൽ ഉപ്പുവെളളം കേറാതെ സംരക്ഷിച്ചു പോരുന്ന കണ്ണികാട്ട്-കുന്നത്ത് റോഡിലെ ബണ്ട് ഓരുജലം കേറി പ്രദേശവാസികൾ കുടിവെള്ള ഭീക്ഷണിയിൽ. ബണ്ട് ഇതുവരെ കെട്ടാത്തത് മൂലം വേമ്പനാട്ടുകായലിലെ ഓരുജലം കേറി പ്രദേശത്തെ മുഴുവൻ ശുദ്ധജലശ്രോതസുകളിലും കൃഷിയിടങ്ങളും ഇപ്പോൾ ഉപ്പുവെളളത്തിലാണ്. ഇതുമൂലം കിണറുകളും,കുളങ്ങളും ഉൾപ്രദേശങ്ങളിലെ ശുദ്ധജലശ്രോതസുകളും കടുത്ത ഉപ്പുവെളളഭീഷണിയിലായി. വാട്ടർഅതോറിട്ടിയുടെ പരിമിതമായ തോതിൽ ലഭിച്ചു പോരുന്ന കുടിവെളളം പ്രാഥമികാവശ്യങ്ങൾക്ക് പോലും തികയുന്നില്ല. നനക്കാനും, കുളിക്കാനും ശുദ്ധജലശ്രോതസുകളെയും ബോർവെല്ലുകളേയുമാണ്നാട്ടിൽ പലരും ആശ്രയിച്ചു പോരുന്നത്.
തുറന്നു കിടക്കുന്ന കണ്ണികാട്ട്-കുന്നത്ത് റോഡിലെ ബണ്ട് കെട്ടാത്തതു മൂലം പടിഞ്ഞാറൻ ഭാഗത്തുകൂടി കയറി വരുന്ന വേമ്പനാട് കായലിലെ ഓരുജലം10-ാം വാർഡിലെ നൂറോളം കുടുംബങ്ങളെ ഉപ്പുവെളളഭീക്ഷണിയിലാക്കിയിരിക്കുകയാണ്. കുളങ്ങളിലും, കിണറുകളിലും, ശുദ്ധജലശ്രോതസുകളിലും കായലിൽനിന്നുളള ഉപ്പുവെളളം കലർന്നിരിക്കുകയാണ്.
എത്രയുംവേഗം കണ്ണികാട്ട്-കുന്നത്ത്റോഡിലെ ബണ്ട് കെട്ടി ഓരുജലപ്രവാഹം തടഞ്ഞില്ലെങ്കിൽ ശക്തമായ സമരപരിപാടികളാവിഷ്കരിക്കുമെന്ന് പനങ്ങാട് സൗത്ത് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബഷീർ അറിയിച്ചു.
രണ്ട് ദിവസത്തിനുളളിൽ ബണ്ട് പൂർത്തിയാക്കും
ഈപ്രാവശ്യം പഞ്ചായത്തിലെ തോടുകൾക്കെല്ലാം ആഴംകൂട്ടി നീരൊഴുക്ക് സുഗമമാക്കിയതിനാൽ മുൻകാലത്തേക്കാൾ ബലമുളള ബണ്ട് കെട്ടുവാൻ പരിചയസമ്പന്നരായ തൊഴിലാളികളെ കിട്ടാൻ വൈകിയതാണ് 10-ാംവാർഡിൽ ബണ്ട് കെട്ടാൻ വൈകിയത്.രണ്ട് ദിവസത്തിനുളളിൽ ബണ്ട് പൂർത്തിയാക്കുവാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഷേർളി ജോർജ്ജ്.,10-ാംവാർഡ് മെമ്പർ
പരാതി നൽകിയിട്ടും നടപടിയില്ല
സാധാരണ ഡിസംബറിന് മുമ്പ് തന്നെ ബണ്ട്കെട്ടി ഉപ്പ് വെളളം കടക്കുന്നത് അധികൃതർ തടഞ്ഞിരുന്നു. ഇക്കുറി ജനുവരി പകുതികഴിഞ്ഞിട്ടും ബണ്ട്കെട്ടാത്തതിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധമുണ്ട്. പലവട്ടം അധികൃതരുടെ മുമ്പാകെ ബണ്ടുകൾകെട്ടുന്നതിന് വേണ്ടി അഭ്യർത്ഥിക്കുകയും പരാതിപ്പെടുകയും നൽകിയിട്ടു നടപടി സ്വീകരിച്ചില്ല.
കൃഷിയെ പ്രതികൂലമായി ബാധിച്ചു
ബണ്ടുകൾ എല്ലാം തുറന്നു കിടക്കുന്നത് മൂലം കായൽ ജലംകേറി കരയിലെ കൃഷികളെ പ്രതികൂലമായി ബാധിച്ചു.
കൃഷിഭവൻ മുഖേന വിത്തും വളവും നടീൽ വസ്തുക്കളുംവാങ്ങി പച്ചക്കറി കൃഷി ചെയ്തുപോന്ന പല കുടുംബങ്ങളുടേയും കൃഷിയെ ഓരുവെളളം പ്രതികൂലമായി ബാധിച്ചുവെന്ന് റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകരുടെ പരാതി.