കോലഞ്ചേരി: മഴുവന്നൂരിൽ കർഷകർക്ക് എന്നും ദുരിതം മാത്രം.നേരത്തെ പ്രളയത്തിൽ നെൽകൃഷി പൂർണമായും നശിച്ച കർഷകർ പ്രത്യാശയിലാണ് പ്രളയ ശേഷം കൃഷിയിറക്കിയത്. എന്നാൽ കനാലിൽ വെള്ളമെത്താത്തതോടെ കൃഷി കരിഞ്ഞുണങ്ങുകയാണ്. പഞ്ചായത്തിലെ നൂറേക്കറോളം വരുന്ന കതിരിട്ടനെൽ കൃഷിയിടമാണ് ഉണങ്ങി നിൽകുന്നത്.
പെരിയാർ വാലി കനാൽ വെള്ളം ലഭിക്കാത്തതാണ് പ്രശ്നം. മേഖലയിലെ കിണറുകളിൽ കുടിവെള്ളവും വറ്റിത്തുടങ്ങി. പച്ചക്കറികളും കരിഞ്ഞുണങ്ങി തുടങ്ങി. ബാങ്ക് ലോണെടുത്ത് കൃഷിയിറക്കിയ കുടുംബശ്രീ വനിതകളും നിർധന കർഷകരുമാണ് ഇതോടെ ആശങ്കയിലായത്. ഉടമസ്ഥന് കിട്ടുന്നതിൽ മൂന്നിലൊന്ന്, അല്ലെങ്കിൽ പകുതി എന്ന വ്യവസ്ഥയിൽ വിത്തിറക്കിയവരാണിവർ.
വളയൻചിറങ്ങരയിൽ നിന്ന് റബ്ബർ പാർക്ക്, തട്ടാംമുഗൾ, മഴുവന്നൂർ, എഴുപ്രം, കടക്കനാട് വരെയാണ് പെരിയാർവാലിയുടെ ചെറുകനാലുള്ളത് ഇവിടുത്തെ കർഷകർ കനാൽവെള്ളം എത്തിയില്ലെങ്കിൽ അവതാളത്തിലാകും. പച്ചക്കറികൃഷിയും നെൽകൃഷിയും കനാൽവെള്ളത്തെ ആശ്രയിച്ചാണ് നില്ക്കുന്നത്.
കനാലിൽ വെള്ളം കിട്ടുന്നില്ല
സാധാരണ ഡിസംബറിൽ കനാലിൽ വെള്ളം ലഭിക്കാറുള്ളതാണ്. ഇത്തവണ കനാൽ ശുചീകരണവും പൂർത്തിയായിട്ടും വെള്ളം ലഭിക്കുന്നില്ല. കനാൽ വെള്ളമെത്താൻ ഇനിയും വൈകുമെന്നാണ് അധികൃതർ പറയുന്നത്. ഭൂതത്താൻ കെട്ടിലെ ജല നിരപ്പ് ഉയർന്നിട്ടില്ല.ഇടമലയാറിൽ നിന്നുമെത്തുന്ന വെള്ളത്തിന്റെ അളവ് കൂടിയാൽ മാത്രമാണ് ജല വിതരണം സാധാരണ ഗതിയിലെത്തുകയുള്ളൂ എന്നാണ് ഔദ്യോഗീക വിശദീകരണം.