പെരുമ്പാവൂർ: നിർദ്ദിഷ്ഠ പെരുമ്പാവൂർ ബൈപ്പാസിന്റെ ആലുവ മൂന്നാർ റോഡ് മുതൽ പഴയ മൂവാറ്റുപുഴ റോഡ് വരെയുള്ള ആദ്യ ഘട്ട പദ്ധതിയുടെ സാമൂഹികാഘാത പഠനവും പബ്ലിക്ക് ഹിയറിംഗും പൂർത്തിയാക്കിയതായി അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. പദ്ധതി കടന്നു പോകുന്ന പ്രദേശത്തെ കുടുംബങ്ങളിൽ നേരിട്ട് എത്തിയാണ് സാമൂഹികാഘാത പഠന റിപ്പോർട്ട് തയ്യാറാക്കിയത്. കോതമംഗലം ആസ്ഥാനമായിട്ടുള്ള യൂത്ത് സോഷ്യൽ സർവീസ് ഓർഗനൈസേഷനാണ് സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്.

പെരുമ്പാവൂർ വില്ലേജിലെ അറുപത്തിരണ്ട് വസ്തു ഉടമകളിൽ നിന്ന് 106, 112, 113, 117 ബ്ലോക്കുകളിൽപ്പെട്ട 2.69 ഹെക്ടർ സ്ഥലം ആദ്യ ഘട്ടത്തിനായി ഏറ്റെടുക്കും. രണ്ട് മാസത്തിനുള്ളിൽ തന്നെ പഠനം പൂർത്തീകരിച്ചു.

തുടർന്ന് പഠന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതിന് ശേഷം വിദഗ്ധ സമിതി പരിശോധിച്ചു അംഗീകരിച്ചു. കഴിഞ്ഞാൽ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11 ( 1 ) വിജ്ഞാപനം പ്രസിദ്ധികരിക്കും. തുടർന്ന് ഭൂമിയുടെ വില നിശ്ചയിച്ചു ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. സമയബന്ധിതമായി നടപടിക്രമങ്ങൾ പൂർത്തീകരിക്കും. ഏറ്റവും വേഗത്തിൽ തന്നെ പെരുമ്പാവൂരിന്റെ സ്വപ്‌നപദ്ധതി യാഥാർഥ്യമാക്കുന്നതിനാണ് പരിശ്രമിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.

കുന്നത്തുനാട് താലൂക്ക് സമ്മേളന ഹാളിൽ നടന്ന ഹിയറിംഗിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ടൗൺ ബൈപ്പാസിനായി സ്ഥലം വിട്ടു നൽകേണ്ട ഭുവുടമകൾ യോഗത്തിൽ സംബന്ധിച്ചു. പങ്കെടുത്തവരിൽ 94 ശതമാനം ഉടമകളും നിലവിലുള്ള നിയമാനുസൃത നഷ്ടപരിഹാരം നൽകിയാൽ പദ്ധതിക്കായി ഭൂമി വിട്ടു നൽകുവാൻ സന്നദ്ധരാണെന്ന് അറിയിച്ചു. പദ്ധതി എത്രയും വേഗത്തിൽ പൂർത്തികരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ അഡി. ജനറൽ മാനേജർ കെ.എഫ് ലിസി, കേരള ഡെപ്യൂട്ടി കളക്ടർ പി. രാജൻ, ഭൂമി ഏറ്റെടുക്കൽ തഹസിൽദാർ ലിറ്റി ജോസഫ്, സാമൂഹികാഘാത പഠനം നടത്തിയ യൂത്ത് സോഷ്യൽ സർവീസ് ഓർഗനൈസേഷൻ ഡയറക്ടർ ഫാ. ജോസ് പറത്തുവയലിൽ, കുന്നത്തുനാട് തഹസിൽദാർ വിനോദ് രാജ് എന്നിവർ യോഗത്തിൽ സംബന്ധിച്ചു.