tharayil
പ്രളയദിനങ്ങളുടെ ഓർമ്മകൾ പങ്കുവച്ച് കുന്നുകരയിൽ സംഘടിപ്പിച്ച 'നമ്മൾ നമുക്കായി' 'കരുതലോടെ നേരിടാം പ്രകൃതി ദുരന്തങ്ങളെ' ഏകദിന ശില്പശാല പഞ്ചായത്ത് പ്രസിഡൻറ് ഫ്രാൻസിസ് തറയിൽ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കുന്നുകര പഞ്ചായത്ത് സ്ത്രീ ശാക്തീകരണ ഹാളിൽ സംഘടിപ്പിച്ച 'നമ്മൾ നമുക്കായി' 'കരുതലോടെ നേരിടാം പ്രകൃതി ദുരന്തങ്ങളെ' ഏകദിന ശില്പശാല ശ്രദ്ധേയമായി. സെന്റ് തെരേസാസ് കോളേജ് ഭൂമിത്രസേനാ ക്ലബും ഉന്നത് ഭാരത് അഭിയാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കുന്നുകര പഞ്ചായത്തുമായി ചേർന്നാണ് ശില്പശാല സംഘടിപ്പിച്ചത്. പ്രളയാനുഭവങ്ങൾ പങ്കുവച്ചതിനൊപ്പം ഭാവിയിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനുള്ള നിർദ്ദേശങ്ങളും വിശദമായി ചർച്ച ചെയ്തു. എൻജിൻ സഹായത്തോടെയുള്ള ഫൈബർ ബോട്ടുകൾ സജ്ജീകരിക്കുക. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ ഉറപ്പുവരുത്തുക, റോഡ് ഗതാഗതം തടസപ്പെടാതിരിക്കാൻ വെള്ളം കയറിയ പ്രധാനറോഡുകൾ ഉയരംകൂട്ടുക, ഇന്റർനെറ്റ് അടക്കമുള്ള സംവിധാനങ്ങൾ തടസപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ചർച്ചകളിൽ ഉയർന്നുവന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ഫ്രാൻസിസ് തറയിൽ ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സീന സന്തോഷ് അദ്ധ്യക്ഷയായി. ഹൈബി ഈഡൻ എം.പി വീഡിയോ കോൺഫറൻസിലൂടെ ആശംസഅറിയിച്ചു. അസോ. പ്രൊഫ. ഡോ.നിർമല പദ്മനാഭൻ പദ്ധതി വിശദീകരിച്ചു. ഹസാർഡ് അനലിസ്റ്റ് അഞ്ജലി പമേശ്വരൻ, ജില്ലാ ആസൂത്രണ സമിതി അംഗം ഡോ. മാർട്ടിൻ പാട്രിക് എന്നിവർ വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ, അംഗങ്ങളായ സി.യു. ജബാർ, പി.വി. തോമസ്, ടി.കെ. അജികുമാർ, എം.പി. തോമസ്, പി.എ. കുഞ്ഞുമുഹമ്മദ്, സി.എം. വർഗീസ്, ഷീബ കുട്ടൻ, ലിജി ജോസ്, ഷിജി ജോഷി തുടങ്ങിയവർ സംസാരിച്ചു.