നെടുമ്പാശേരി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഇടമലയാർ ജലസേചന പദ്ധതിയിൽ നിന്നുള്ള വെള്ളം നെടുമ്പാശേരി പഞ്ചായത്തിലെ വഴിതോട്ടിലൂടെ വേതുചിറ കവിഞ്ഞൊഴുകി. ഇടമലയാർ പദ്ധതിയിൽ നിന്നുള്ള ജലം അങ്കമാലി എം സി റോഡിനു കുറുകെ സ്ഥാപിച്ച പുഷ്ത്രു ടണലിലൂടെ ജോസ് പുരം വഴി വാപ്പാലശേരി കയറ്റുകുഴി പുഞ്ചത്തോട്ടിലൂടെ ഒഴുകി നെടുമ്പാശേരി പഞ്ചായത്തിലെ പ്രധാന ജലനിർഗമന മാർഗമായ വഴിത്തോട്ടിലെത്തി.
വാപ്പാലശേരിയിൽ നിന്ന് എട്ടുകിലോമീറ്റർ പിന്നിട്ടാണ് വെള്ളം കിഴക്കേമേയ്ക്കാട് വേതുചിറയിലെത്തിയത്. ചിറയ്ക്ക് കുറുകെ തീർത്ത തടയണയ്ക്ക് മുകളിലൂടെ വെള്ളം പരന്നൊഴുകിയത് കാണാൻ നിരവധിയാളുകൾ കൂടി. വേതുചിറ കവിഞ്ഞൊഴുകിയ വെള്ളം അങ്കമാലി മാഞ്ഞാലി തോട്ടിലെത്തിയതായി കർഷകർ പറഞ്ഞു. വേനൽ കനത്തതോടെ പ്രവർത്തനം നിലയ്ക്കുമെന്ന അവസ്ഥയിലെത്തിയ നിരവധി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്ക് ഇതോടെ പുതുജീവനായി.
ഇടമലയാറിൽ നിന്നുള്ളവെള്ളം നെടുമ്പാശേരി പഞ്ചായത്തിലേയ്ക്ക് പ്രവേശിക്കുന്നത് കാണാൻ നിരവധിയാളുകൾ തടിച്ചു കൂടി. പദ്ധതി പ്രദേശത്ത് നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, വൈസ് പ്രസിഡന്റ് പി.സി. സോമശേഖരൻ, സ്ഥിരംസമിതി അദ്ധ്യക്ഷ ആനി കുഞ്ഞുമോൻ, മെമ്പർമാരായ സി.വൈ. ശബോർ, സുമ സാബുരാജ്, മുനിസിപ്പൽ കൗൺസിലർ സിനി, എക്‌സിക്യുട്ടീവ് എൻജിനീയർ സി. സുജാത, എ.ഇ. റോയി എന്നിവർ എത്തി. നെടുമ്പാശേരി പഞ്ചായത്തിൽ ഇടമലയാർ പദ്ധതിയുടെ പ്രയോജനം ലഭ്യമായത് പദ്ധതിയുടെ ചരിത്രനേട്ടമാണെന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു.