കൊച്ചി: നാളെയുടെ ഇന്ധനമെന്ന് പ്രവചിക്കപ്പെട്ട പ്രകൃതിവാതകത്തിന് നല്ലകാലം വരുന്നു. പെട്രോളിനും ഡീസലിനും പാചകവാതകത്തിനും ബദലായി പ്രകൃതിവാതകം ഉപയോഗിക്കുന്നത് വർദ്ധിച്ചു. കൊച്ചിയിൽ നിന്ന് മംഗലാപുരത്തേയ്ക്കുള്ള പൈപ്പ്ലൈൻ ഏതാനും മാസങ്ങങ്ങൾക്കകം പൂർത്തിയാകുന്നതോടെ പ്രകൃതിവാതകം എല്ലായിടത്തും ലഭിക്കാനും വഴിയൊരുങ്ങി.
വൈപ്പിൻ ദ്വീപിൽ ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത പ്രകൃതിവാതകം (എൽ.എൻ.ജി ) വ്യവസായശാലകൾ മുതൽ വീടുകളിൽ പാചകത്തിന് വരെ ഉപയോഗിക്കുന്നുണ്ട്. എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിറ്റി ഗ്യാസായും ഫാക്ട് പോലുള്ള വ്യവസായശാലകൾക്ക് ഫർണസുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ധനമായും എൽ.എൻ.ജിയുടെ ഉപഭോഗം വർദ്ധിക്കുകയാണ്.
കൊച്ചിയിൽ റെക്കാഡ് നേട്ടം
എൽ.എൻ.ജി ഉപഭോഗത്തിൽ ഈമാസം 11 ന് റെക്കാഡ് നേട്ടമാണ് കൈവരിച്ചതെന്ന് പെട്രോനെറ്റ് എൽ.എൻ.ജി അധികൃതർ പറഞ്ഞു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് 28ലക്ഷം , ഫാക്ട് 9ലക്ഷം , എച്ച്.ഒ.സി.എൽ,. സിറ്റി ഗ്യാസ്, സുഡ് കെമി, നിറ്റ ജലാറ്റിൻ, ഡബ്ളിയു.എഫ്. ബൈർഡ്, മലയ റബ് എന്നീ കമ്പനികൾ ചേർന്ന് 1.3 ലക്ഷം ക്യുബിക് മീറ്റർ എന്നിങ്ങനെയാണ് പ്രകൃതിവാതകം ഉപയോഗിച്ചത്.
വ്യവസായങ്ങൾക്ക് നേട്ടം
വ്യവസായിക ആവശ്യങ്ങൾക്ക് എൽ.പി.ജി ഉപയോഗിക്കുന്നവർപ്രകൃതിവാതകത്തിലേയ്ക്ക് മാറിയാൽചെലവ് കുറയും. ആയിരം കിലോഗ്രാേം എൽ.പി.ജി ഉപയോഗിക്കുന്ന ചെറുകിട വ്യവസായ യൂണിറ്റ് പ്രകൃതിവാതകത്തിലേയ്ക്ക് മാറിയാൽ പ്രതിമാസം 1,70,000 രൂപ വരെ ചെലവ് കുറയും.
വാഹനങ്ങൾക്ക് ലാഭം
സി.എൻ.ജി ഉപയോഗിക്കുന്നത് വാഹനങ്ങളുടെ ഇന്ധനച്ചെലവ് വൻതോതിൽ കുറയ്ക്കും. ടാക്സി വാഹനങ്ങൾക്കാണ് ഏറ്റവുമധികം നേട്ടമുണ്ടാകുക.
കാറിന് ഒരു കിലോമീറ്ററിന് പെട്രോൾ, ഡീസൽ ചെലവ് 5.5 മുതൽ 6 രൂപ വരെ.
സി.എൻ.ജി ചെലവ് : 2 രൂപ.
കുറഞ്ഞ പ്രതിമാസ ലാഭം : 5,000
പൈപ്പ് ലൈൻ അന്തിമഘട്ടത്തിൽ
കൊച്ചി പുതുവൈപ്പിൽ നിന്ന് മംഗലാപുരം വരെ നീളുന്ന പൈപ്പ് ലൈനിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്യുന്നതോടെ ഉപഭോഗത്തിൽ വൻകുതിച്ചുകയറ്റമുണ്ടാകും. പ്രതിദിനം 60 ലക്ഷം ക്യുബിക് മീറ്റർ പ്രകൃതിവാതകം ഉപയോഗിക്കാൻ കഴിയും. 444 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പ്ലൈൻ അടുത്ത മാർച്ച 31 ന് കമ്മിഷൻ ചെയ്യുകയാണ് പദ്ധതി നടപ്പാക്കുന്ന എൽ.എൻ.ജി പെട്രോനെറ്റ് എന്ന പൊതുമേഖലാ കമ്പനിയുടെ ലക്ഷ്യം.
കോഴിക്കോട്, കാസർകോട്, മംഗലാപുരം എന്നിവിടങ്ങളിലെ ചില നദികൾക്ക് കുറുകെ പൈപ്പിടുന്ന ജോലികളാണ് ബാക്കിയുള്ളത്. മാർച്ച് ആദ്യവാരം പണി പൂർത്തിയാകുമെന്ന് അധികൃതർ പറഞ്ഞു.
കൊച്ചി മുതൽ പാലക്കാട് ജില്ലയിലെ കൂറ്റനാട് വരെ പൂർത്തിയായി പ്രകൃതിവാതക വിതരണവും ആരംഭിച്ചു. കൂറ്റനാട് മുതൽ വാളയാർ വരെ 94 കിലോമീറ്റർ പൈപ്പ് ലൈനിന്റെ 80 ശതമാനം ജോലികളും പൂർത്തിയായി. ഇതോടെ പാലക്കാട്, കോയമ്പത്തൂർ മേഖലയിലെ വ്യവസായങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഇന്ധനം ലഭ്യമാകും. .
ജൂണിൽ പൈപ്പ് വഴി പ്രകൃതിവാതകം നൽകും