crime2
റിൻഷാദ്

കൊച്ചി: കളമശേരിയിൽ മാരക മയക്കുമരുന്ന് ഇനങ്ങളുമായി ആലപ്പുഴ സ്വദേശികളായ യുവാക്കൾ എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. അമ്പലപ്പുഴ പടിഞ്ഞാറെ തിരുവമ്പാടി കരയിൽ അരയപ്പറമ്പ് വീട്ടിൽ മജീദിന്റെ മകൻ റിൻഷാദ് (24), പുന്നപ്ര കുറവൻതോട് കരയിൽ കല്ലൂപ്പാറലിൽ വീട്ടിൽ ഷംസുദീന്റെ മകൻ അൽ അമീൻ (22) എന്നിവരാണ് എൽ.എസ്.ഡി സ്റ്റാമ്പുകൾ, എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നിവയുമായി പിടിയിലായത്.

എറണാകുളം ജോയിന്റ് എക്‌സൈസ് കമ്മീഷണർ സുരേഷ്ബാബുവിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സംഘം നടത്തിയ പ്രത്യേക നിരീക്ഷണത്തിലാണ് കളമശേരി കുസാറ്റിന് സമീപമുള്ള വീട്ടിൽനിന്ന് മയക്കുമരുന്നുകളുമായി റിൻഷാദിനെ അറസ്റ്റുചെയ്തത്. ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ് റിൻഷാദ് കൊച്ചിയിൽ എത്തിയത്. തുടർന്ന് ലാഭകരമായ കച്ചവടം എന്ന നിലയിൽ ലഹരിവ്യാപാരത്തിലേക്ക് കടക്കുകയായിരുന്നു. മയക്കുമരുന്ന് ഗോവയിൽ നിന്ന് കേരളത്തിൽ എത്തിച്ച് വില്പന നടത്തുന്ന വൻസംഘമുണ്ടെന്നും അതിലെ പ്രമുഖനായ അൽ അമീൻ ഇടപാടുകൾക്കായി കേരളത്തിൽ എത്തിയിട്ടുണ്ടെന്നും റിൻഷാദിൽ നിന്നറിഞ്ഞ എക്‌സൈസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴയിൽ നിന്ന് കൂടുതൽ മയക്കുമരുന്നുമായി അൽഅമീനെ പിടികൂടുകയായിരുന്നു. ഇയാൾ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായും പ്രവർത്തിക്കുന്നുണ്ട്.വിശദമായ അന്വേഷണം നടത്തുകയാണെന്നും എക്സൈസ് പറഞ്ഞു.

10 എൽ.എസ്.ഡി സ്റ്റാമ്പ്, 3.5 ഗ്രാം എം.ഡി.എം.എ, 8ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇത്രയും സാധനങ്ങൾ കൈവശം വയ്ക്കുന്നത് 20 വർഷം വരെ കഠിനതടവ് കിട്ടുന്ന കുറ്റമാണ്. പ്രതികളെ ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.എസ്. രഞ്ജിത്തിന്റെ നിയന്ത്രണത്തിലുള്ള നാർക്കോടിക് ടോപ്പ് സീക്രട്ട് ഗ്രൂപ്പ് അംഗങ്ങളായ എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെകർ ബി.എൽ. ഷിബു, ഇൻസ്‌പെക്ടർ പി. ശ്രീരാജ്, പ്രിവന്റീവ് ഓഫീസർ ജോർജ് ജോസഫ്, സിജിപോൾ, അഭിലാഷ്, സി.ഇ.ഒമാരായ . എൻ. സിഥാർത്ഥകുമാർ, അനീഷ് കെ ജോസഫ്, റൂബൻ, രാജേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 എം.ഡി.എം.എ മാരകം

സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തിൽപ്പെടുന്ന ലഹരിവസ്തുവാണ് എം.ഡി.എം.എ. ഗുളിക രൂപത്തിലും ക്രിസ്റ്റൽ രൂപത്തിലും കാണപ്പെടുന്ന ഇവയ്ക്ക് മോളി, എക്‌സ്, എക്സ്റ്റസി എന്നീ വിളിപ്പേരുകളുമുണ്ട്. നിലവിൽ കിട്ടാവുന്നതിൽ വച്ചു ഏറ്റവും വീര്യമേറിയതും ഹാനികരവുമാണിത്. ഇവയുടെ അളവിൽ കൂടുതലുള്ള ഉപയോഗം മരണത്തിന് വരെ കാരണമാകാം. നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. കൂടുതൽ നേരം ലഹരി നിൽക്കുന്നതിനാൽ സംഗീതമേളകളിലും നൃത്തപരിപാടികളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.