കൊച്ചി: പൾസ് പോളിയോ പ്രതിരോധത്തിന് ജില്ലയിൽ ഇന്നലെ 1,87,635 കുട്ടികൾക്ക് (90.25 ശതമാനം) തുള്ളിമരുന്ന് നൽകി. ഇവരിൽ 4,952 പേർ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. അഞ്ചു വയസിനു താഴെയുള്ള 2,07,913 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്.
1876 ബൂത്തുകളിലൂടെയും 50 മൊബൈൽ ബൂത്തുകളിലൂടെയും ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനുകളിലും ഒരുക്കിയ 50 ട്രാൻസിറ്റ് ബൂത്തുകൾ വഴിയാണ് മരുന്ന് നൽകിയത്.
ഇന്നലെ നൽകാൻ സാധിക്കാത്തവർക്ക് ഇന്നും നാളെയും വീടുകളിലെത്തി ആരോഗ്യപ്രവർത്തകർ തുള്ളിമരുന്ന് നൽകുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ജില്ലാതല ഉദ്ഘാടനം അങ്കമാലി താലൂക്ക് ആശുപത്രിയിൽ ആശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബിന്റെ പേരക്കുട്ടിക്ക് നൽകി റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ടി.കെ മമത, ഐ.എ.പി മദ്ധ്യ കേരളയുടെ സെക്രട്ടറി ഡോ. നിമ്മി ജോസഫ് എന്നിവരുടെ കുഞ്ഞുങ്ങൾക്കും മരുന്ന് നൽകി. നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ മാധവ് ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി.