കോഴിക്കോട്: മതതീവ്രവാദികളുടെ ആക്രമണത്തിൽ വലതു കൈപ്പത്തി നഷ്ടപ്പെട്ട പ്രൊഫ.ടി.ജെ.ജോസഫിന്റെ ആത്മകഥ 'അറ്റുപോകാത്ത ഓർമ്മകൾ' പ്രകാശനം ചെയ്തു. കോഴിക്കോട്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിലായിരുന്നു പ്രകാശനം.
ഒറ്റപ്പെടുത്തിയതും തള്ളിപ്പറഞ്ഞതുമാണ് ശരീരത്തിനുണ്ടായ മുറിവിനേക്കാൾ വേദനിപ്പിച്ചതെന്ന് പ്രൊഫ. ജോസഫ് പറഞ്ഞു. ഇടത് അദ്ധ്യാപക സംഘടനകളിൽ നിന്നുൾപ്പെടെ സഹായം ലഭിക്കാത്തതിന് കാരണം രാഷ്ട്രീയമാണ്. ഒരു മതത്തിനും പ്രാധാന്യം കൊടുക്കാത്തതാണ് മതേതരത്വമെന്നാണ് എന്റെ വിശ്വാസം. എന്നാൽ, കേരളത്തിലെ രാഷ്ട്രീയം മതത്തെ പിൻപറ്റിയാണെന്ന് അദ്ദേഹം ആക്ഷേപിച്ചു.
പ്രൊഫസറായിട്ടും നീതി ലഭിച്ചില്ല. കാൽ നൂറ്റാണ്ടായി തൊഴിലെടുത്തു വന്ന സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിടപ്പെട്ടു. ഭാര്യയെ നഷ്ടമായി. മകനെ പൊലീസ് പീഡിപ്പിച്ചു. എല്ലാ വേദനകളും സഹിച്ച് പിടിച്ചുനിൽക്കുകയാണ്. താൻ അനുഭവിച്ച അരക്ഷിതാവസ്ഥയാണ് പുസ്തകത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.