കൊച്ചി: വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനലിൽ കസ്റ്റംസ് പരിശോധനയ്ക്ക് സ്ഥാപിച്ച സ്‌കാനറുമായി ബന്ധപ്പെട്ട് തൊഴിലാളികൾ ഉന്നയിച്ച ആരോഗ്യപ്രശ്‌നങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ കാക്കനാട് റീജിയണൽ ജോയിൻറ് ലേബർ കമ്മിഷണർ സുരേഷ്‌കുമാർ ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടു.
സ്‌കാനറിൽ പ്രവർത്തിക്കുന്ന ആറ് തൊഴിലാളികളെയും വിദഗ്ദ്ധ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും 15 ദിവസത്തിനകം തൊഴിലാളികൾക്കു വേണ്ടി ബോധവത്ക്കരണ ക്ലാസ് നടത്തുക, സ്‌കാനറിൽ കയറുന്ന വാഹനങ്ങളിലെ തൊഴിലാളികളുടെ ദേഹത്ത് റേഡിയേഷൻ പതിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന ഉപകരണം സ്ഥാപിക്കുക, സമഗ്രമായ ഇൻഷ്വറൻസ് ഏർപ്പെടുത്തുക എന്നിവയാണ് ട്രേഡ് യൂണിയൻ കോ ഓഡിനേഷൻ കമ്മിറ്റിയുടെ ആവശ്യം.
പോർട്ട് ട്രസ്റ്റിന്റെയും ദുബായ് പോർട്ടിന്റെയും കസ്റ്റംസിന്റെയും കൊച്ചി ബ്രോക്കർ അസോസിയേഷന്റെയും സമീപനം മൂലമാണ് ചർച്ച അലസിയതെന്ന് തൊഴിലാളികൾ ആരോപിച്ചു.