പെരുമ്പാവൂർ: വളയൻചിറ കരയിലെ അനധികൃത നായവളർത്തൽ കേന്ദ്രത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധ മാർച്ച് നടത്തി. ചിറയുടെ കരയിൽ നാട്ടുകാരുടെ ജീവിതത്തിന് ഭീഷണിയായിട്ടുള്ള അനധികൃത നായ വളർത്തൽ കേന്ദ്രം അടച്ചുപൂട്ടണമെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ചിറയുടെ കരയിലേക്ക് നടന്ന പ്രതിഷേധ മാർച്ചിനെ തുടർന്ന് വളയൻചിറക്ക് ചുറ്റും മനുഷ്യമതിൽ തീർത്ത നാട്ടുകാർ ചിറയും പരിസരവും സംരക്ഷിക്കുമെന്ന പ്രതിജ്ഞയെടുത്തു. സമീപകാലത്ത് ചിറയുടെ സമീപം സ്ഥലം വാങ്ങി താമസമാക്കിയ സ്വകാര്യ വ്യക്തി ചിറയുടെ ഒരു ഭാഗം കൈയേറി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. ആവശ്യമായ പ്രതിരോധകുത്തിവെയ്പ്പുകൾ എടുക്കാതെയും, സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയും 45 നായ്ക്കളെ അനധികൃതമായി വളർത്തിയത്. കൈയേറ്റങ്ങൾ അവസാനിപ്പിക്കണമെന്നും, നായ വളർത്തൽ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബഹുജന മാർച്ച് രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് സൗമിനി ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ബേസിൽ പോൾ, ബ്ലോക്ക് മെമ്പർമാരായ പോൾ ഉതുപ്പ്, കെ.സി മനോജ്, പഞ്ചായത്ത് മെമ്പർമാരായ പി.ടി ജ്യേതിഷ് കുമാർ, ഷൈബി രാജൻ, മിത മനോജ്, മേരി അനിൽ, ശോഭന ഉണ്ണി, മുൻ പഞ്ചായത്ത് പ്രസ്ഡന്റ് ജോയി പൂണോലിൽ എന്നിവർ പ്രതിഷേധമാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വാക്ക് പാലിച്ചില്ല
നാട്ടുകാർ പഞ്ചായത്തിൽ നൽകിയ പരാതിയെ തുടർന്ന് ആറുമാസം മുൻപ് പഞ്ചായത്ത് അധികൃതർ വിളിച്ചുചേർത്ത യോഗത്തിൽ നായകളെ മൂന്ന് മാസത്തിനുള്ളിൽ ജനവാസം കുറവുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാർപ്പിച്ചുകൊള്ളാമെന്ന് ഇയ്യാൾ രേഖാമൂലം ഉറപ്പുനൽകിയിരുന്നതാണ്. എന്നാൽ നായകളുടെ എണ്ണം വർദ്ധിപ്പിക്കുകയും, നായവളർത്തു കേന്ദ്രം ചിറയുടെ കരയിൽ നിന്നും മാറ്റാമെന്ന കരാർ പാലിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രക്ഷോഭവുമായി രംഗത്തെത്തിയത്.