asramam-hss
നവതി ആഘോഷത്തിന്റെ നിറവിൽ പെരുമ്പാവൂർ ആശ്രമം ഹയർ സെക്കന്ററി സ്‌കൂൾ

പെരുമ്പാവൂർ: ആശ്രമം ഹയർസെക്കൻഡറി സ്‌കൂൾ നവതി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ഇന്ന് രാവിലെ 10ന് റിട്ട. ഹൈക്കോടതി ചീഫ് ജസ്റ്റീസ് ജെ. ബി കോശി ഉദ്ഘാടനം ചെയ്യും. രാവിലെ 7.30ന് പി.ടി.എ പ്രസിഡന്റ് അനീഷ് മാത്യു പതാക ഉയർത്തും. 7.45ന് സ്‌കൂൾ ചാപ്പലിൽ വിശുദ്ധ കുർബ്ബാനക്ക് പെരുമ്പാവൂർ സെന്റ് പോൾസ് മാർത്തോമ്മഇടവക വികാരി റവ. വർഗ്ഗീസ് എം ഈശോ നേതൃത്വം നൽകും. മലങ്കര മാർത്തോമ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത തിരുമേനി അദ്ധ്യക്ഷത വഹിക്കും. പൂർവവിദ്യാർത്ഥി പത്മശ്രീ ഡോ. കെ.എം ചെറിയാൻ നവതി സന്ദേശം നൽകും. 89 -ാമത് വാർഷിക സമ്മേളനത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന നവതി ആഘോഷങ്ങളാണ് നടക്കുന്നത്.

1931 ൽ മാത്യൂസ് മാർ അത്താനാസിയോസ് തുരുമേനി സ്ഥാപിച്ച വിദ്യാലയം മർത്തോമ സുവിശേഷ പ്രസംഗം സംഘത്തിന്റെ ചുമതലയിലാണ്. പ്രോജക്ട് കമ്മിറ്റി ചെയർമാൻ സാം അലക്‌സ് പ്രോജക്ട് അവതരിപ്പിക്കും. പ്രോജക്ട് ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി, നവതി ഫണ്ട് ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി സി. ഒ. സാബു രൂപകല്പന ചെയ്ത നവതി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം മുൻ നിയമസഭാ സ്പീക്കർ പി.പി തങ്കച്ചൻ, ആശ്രമം അലുമിനി അസോസിയേഷൻ ഉദ്ഘാടനം മുൻ മന്ത്രി ഹാജി ടി.എച്ച് മുസ്തഫ, പ്രതിഭകളെ ആദരിക്കൽ ടെൽക് ചെയർമാൻ എൻ.സി മോഹനൻ എന്നിവർ നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ, പ്രിൻസിപ്പൽ ജോൺ കെ തോമസ്, ഹെഡ്മാസ്റ്റർ മോൻസി ജോർജ്ജ് പി, സ്‌കൂൾ ചെയർമാൻ അൽത്താഫ് നൗഷാദ് എന്നിവർ പ്രസംഗിക്കും. നവതിയാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, പൂർവവിദ്യാർത്ഥികളും നവതിയാഘോഷ കമ്മിറ്റിയും ചേർന്ന് 5ന് കാഞ്ഞിരപ്പളളി അമല ഓർക്കസ്ട്രായുടെ ഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ട്.ഒരു വർഷം നീണ്ടുനിക്കുന്ന ആഘോഷങ്ങൾ 2021 ജനുവരിയിൽ സമാപിക്കും.