കൊച്ചി: മേയർ മാറ്റത്തിനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് കൊച്ചി നഗരസഭയുടെ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തു തുടർന്ന ഗ്രേസി ജോസഫിനെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയതിന്റെ പേരിലാണ് നടപടിയെന്ന് ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അറിയിച്ചു.രാജി വയ്ക്കണമെന്നഡി.സി.സി പ്രസിഡന്റിന്റെ നിർദേശം അവഗണിച്ച് വിദേശയാത്രക്ക് പോയഗ്രേസിഷൈനി മാത്യു രാജിവച്ച ഒഴിവിൽ നഗരാസൂത്രണ സ്ഥിരംസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മടങ്ങിയെത്തി. മേയർ അനുകൂലികളായ മൂന്ന് കൗൺസിലർമാർ വിപ്പ് ലംഘിച്ച് വോട്ട് ചെയ്തതിനാൽ എൽ.ഡി.എഫിന് തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം ലഭിച്ചത് കോൺഗ്രിന് കനത്ത തിരിച്ചടിയായി.
താൻ രാജിവച്ചാൽ വികസന സമിതി കൂടി യു.ഡി.എഫിന് നഷ്‌ടപ്പെടുമെന്നും അതിനാൽ അദ്ധ്യക്ഷ സ്ഥാനം ഒഴിയില്ലെന്നും ഗ്രേസി പ്രഖ്യാപിച്ചു. പ്രസിഡന്റ് നേരിട്ടും ഫോണിലൂടെയും പലതവണ ആവശ്യപ്പെട്ടുവെങ്കിലും രാജിയില്ലെന്ന തീരുമാനത്തിൽ ഗ്രേസി ഉറച്ചുനിന്നത് നേതൃത്വത്തിന് ക്ഷീണമായി. ഈ പ്രവർത്തിയിലൂടെ പാർട്ടിയെ പെതുജന മദ്ധ്യത്തിൽ അവഹേളിച്ചതിനാലാണ് ഗ്രേസിയെ സസ്പെൻഡ് ചെയ്യുന്നതെന്ന് ടി.ജെ. വിനോദ് അറിയിച്ചു. .
# അവിശ്വാസപ്രമേയം പിന്നാലെ
അവിശ്വാസ പ്രമേയത്തിലൂടെ ഗ്രേസിയെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റാനാണ് നേതൃത്വത്തിന്റെ തീരുമാനം. ഗ്രേസിയുടെ രാജി നീളുന്നതിന് കാരണക്കാരൻ മുൻ എം.പി. കെ.വി. തോമസാണെന്ന് എതിരാളികൾ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ പിന്തുണയാണ് പാർട്ടിയെ ധിക്കരിക്കാൻ അവർക്ക് ധൈര്യം നൽകുന്നതെന്നായിരുന്നു ആക്ഷേപം. കെ.വി. തോമസ് പക്ഷക്കാരിയായതിനാൽ ഗ്രൂപ്പ് നേതാക്കൾക്ക് ഇക്കാര്യത്തിൽ ഇടപെടാൻ കഴിഞ്ഞില്ല. രാജിവയ്ക്കണമെന്ന നിർദേശം അവഗണിക്കുന്നത് പാർട്ടിയിൽ തെറ്റായ സന്ദേശം നൽകുമെന്നും ഗ്രേസിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പ്രവർത്തകർ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതോടെയാണ് പ്രസിഡന്റ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
നടപടിയുടെ നാൾവഴികൾ
മേയർ മാറ്റത്തിന് മുന്നോടിയായി യു.ഡി.എഫിന്റെ നാല് ചെയർമാൻമാരോടും നവംബർ 23 നകം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 17 ന് ഡി.സി.സി പ്രസിഡന്റിന്റെ കത്ത്
മറ്റ് മൂന്ന് പേരും രാജിവച്ചു.
പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കുന്നതിന് സാവകാശം അനുവദിക്കണമെന്ന്ഗ്രേസി ജോസഫിന്റെ അഭ്യർത്ഥന
ഡിസംബർ 20 വരെ ഗ്രേസിക്ക് സമയം
നിശ്ചിത ദിവസം രാജിവയ്ക്കാത്തതിനെ തുടർന്ന് 48 മണിക്കൂറിനകം രാജി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ കത്ത് വീണ്ടും.
മറുപടിയില്ല
തുടർന്ന് ആരെയും അറിയിക്കാതെ വിദേശയാത്ര പാർട്ടിയിൽ നിന്ന് സസ് പെൻഷൻ