കൊച്ചി: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ, ഭരണഘടനാ വിരുദ്ധ സമീപനങ്ങൾക്കെതിരെ ഐ.എൻ.ടി.യു.സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. ഫെബ്രുവരി 22ന് രാവിലെ പത്തിന് നടക്കുന്ന മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആര്യാടൻ മുഹമ്മദ്, കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. സുരേഷ് ബാബു, കൺവീനർമാരായ അഡ്വ. കെ.പി. ഹരിദാസ്, പി.ജെ. ജോയി തുടങ്ങിയവർ പങ്കെടുക്കും.
പൗരത്വ നിയമ ഭേദഗതി പിൻവലിക്കുക, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 600 രൂപ മിനിമം വേതനം 700 രൂപയായി ഉയർത്തുക, പൊതുമേഖലാ സ്ഥാപനങ്ങളായ എച്ച്.എം.ടി, എച്ച്.ഒ.സി, എഫ്.എ.സി.ടി തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിസന്ധി ഉടൻ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച് സംഘടിപ്പിക്കുന്നത്. കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. സുരേഷ്ബാബു, കൺവീനർമാരായ അഡ്വ. കെ.പി. ഹരിദാസ്, പി.ജെ. ജോയ്, ഷെരീഫ് മരക്കാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.