പറവൂർ : ശരീരം കൊണ്ടല്ല മനസുകൊണ്ടാണ് ജീവിതത്തെ നേരിടേണ്ടതെന്ന് ജന്മനാ ഇരു കൈകളുമില്ലാതെ ജിലുമോൾ പറഞ്ഞത് ആശ്ചര്യത്തോടെയും കൗതുകത്തോടെയുമാണ് ആൽഫയിൽ ഒത്തുകൂടിയവർ കേട്ടിരുന്നത്. ചെറിയപ്പിള്ളിയിലെ ആൽഫാ സാന്ത്വന കണ്ണിയിൽ നടന്ന സാന്ത്വനകൂട്ടായ്മിൽ പങ്കെടുക്കാനാണ് ജിലുമോൾ എത്തിയത്. ശാരീരിക അവശതകൊണ്ട് പ്രത്യേക പരിചരണത്തിൽ കഴിയുന്നവരും കുടുംബാംഗങ്ങളുമാണ് സാന്ത്വന കൂട്ടായ്മയിൽ പങ്കുചേർന്നത്.
പരിമിതികളെ വെല്ലുവിളിയായി കരുതി മനസിനെ ബലപ്പെടുത്തിയാൽ വിജയം നേടാനാകുമെന്ന് ജിലുമോൾ സ്വന്തം അനുഭവങ്ങളെ സാക്ഷ്യപ്പെടുത്തി വിശദീകരിച്ചു. ഇരു കൈകളുമില്ലാതെ എങ്ങിനെ എന്നു ചോദിക്കുന്നവർക്ക് എന്റെ ജീവിതം തന്നെയാണ് മറുപടി. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്ന താൻ ബസിലാണ് യാത്ര ചെയ്യുന്നത്. ഡ്രൈവിംഗ് പഠിച്ച് കാറും സ്വന്തമാക്കിയെങ്കിലും നിയമത്തിലെ സാങ്കേതികത്വം തടസം നിൽക്കുന്നു. ഇത് തീർക്കാൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ജിലുമോൾ പറഞ്ഞു. ഡോ.എൻ.പി. കുറുപ്പ്, കെ.വി. സത്യൻ, ഒ.എം. ജോബി, എ.കെ. രഞ്ജൻ, ഷീൻ പീറ്റർ, അൻവർ കൈതാരം, എൻ.ഇ. സോമസുന്ദരൻ, എൻ.എൻ. ഹരികുമാർ എന്നിവർ സംസാരിച്ചു.