കൊച്ചി: വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദ്ധാനം ചെയ്ത് പണം തട്ടിയെന്നാരോപിച്ച്സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ ഉദ്യോഗാർത്ഥികകളുടെ പ്രതിഷേധം. സൗത്ത് പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണം നടത്തുന്നില്ലെന്നും പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും പണം നഷ്ടപ്പെട്ടവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പണവും ജോലിയും ലഭിക്കാതായതോടെ 102 പേർ ഇന്നലെ എറണാകുളത്തെ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.
ഒരു ലക്ഷം മുതൽ ആറ് ലക്ഷം രൂപ വരെയാണ് ഓരോ ആളുകളിൽ നിന്നും കൈവശപ്പെടുത്തിയത്. ഏകദേശം ആറ് കോടി രൂപ പലരിൽ നിന്നുമായി തട്ടിയെടുത്തിട്ടുണ്ട്. പണം തിരികെ ആവശ്യപ്പെട്ട കുറച്ച് പേർക്ക് സ്ഥാപനത്തിൽ നിന്നും ചെക്ക് നൽകിയെങ്കിലും മടങ്ങി. ഒറിജിനൽ സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും മറ്റും സ്ഥാപന ഉടമകളുടെ കൈവശമാണ്. ഇത് തിരികെ ലഭിക്കുന്നതിന് സ്ഥാപനവുമായി ബന്ധപ്പെടുമ്പോൾ യാതൊരു അനുകൂല നിലപാടും ലഭിക്കാതെ വന്നതോടെയാണ് ഡിസംബർ 27ന് തട്ടിപ്പിനിരയായവർ പരാതി നൽകിയത്. കേസന്വേഷിക്കാൻ സർക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്നില്ലെന്നും ഫണ്ട് തന്നാൽ അന്വേഷിക്കാമെന്നുമാണ് പൊലീസ് അറിയിച്ചതെന്ന് പരാതിക്കാർ പറഞ്ഞു. കുവൈറ്റ്, ഷാർജ, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് സ്ഥാപനം ജോലി വാഗ്ദ്ധാനം ചെയ്തിരുന്നത്. . മുഖ്യമന്ത്രി, വിദേശകാര്യ വകുപ്പ് മന്ത്രി, കളക്ടർ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് പരാതി നൽകുമെന്ന് പരാതിക്കാർ പറഞ്ഞു.
പണം നൽകിയതിന് മതിയായ രേഖകളും നൽകിയിരുന്നില്ല. ജനറൽ നഴ്‌സിംഗ് കഴിഞ്ഞവരോട് ബംഗളൂരുവിൽ എത്തി പരീക്ഷ എഴുതിയാൽ ബി. എസ്‌സി നഴ്‌സിംഗ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും ഇവർ പറഞ്ഞിരുന്നതായി പരാതിക്കാർ പറഞ്ഞു. എസ്. സുമിത, വൃന്ദ ബാബു, നീമ ജോണി, വി.എസ്. ശശിലത, എൽസേബ ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും കൈവശമില്ലാത്തതിനാൽ മറ്റ് ജോലിക്കും അപേക്ഷിക്കാൻ പറ്റാത്ത അവസ്ഥ
പണം നഷ്ടപ്പെട്ടവർ. കേസ് പിൻവലിച്ചാലെ സർട്ടിഫിക്കറ്റ് തരൂ എന്ന് സ്ഥാപനത്തിന്റെ പിടിവാശി
പൊലീസ് സ്റ്റേഷനിൽ നിന്നാണെന്ന് പറഞ്ഞ് തട്ടിപ്പുകാരുടെ ഭീഷണി