syro-malabar-church

കൊച്ചി: സമൂഹവിപത്തായ ലൗ ജിഹാദിനെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതിനെ മുസ്ലീം സമുദായത്തിനെതിരായ നീക്കമായി പ്രചരിപ്പിക്കുന്നത് അപകടകരമാണെന്ന് സീറോ മലബാർ സഭാ സിനഡിന്റെ പബ്ളിക് അഫയേഴ്സ് കമ്മിഷൻ അറിയിച്ചു. പൗരത്വനിയമ ഭേദഗതിയിൽ സഭയുടെ നിലപാടിനെ സംഘപരിവാറിന് അനുകൂലമായി ചിത്രീകരിക്കുന്നത് ദുർവ്യാഖ്യാനമാണ്.

സഭ മുസ്ലീം സമുദായത്തിന് എതിരാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ചില മാദ്ധ്യമങ്ങളും നിക്ഷിപ്തതാത്പര്യക്കാരും ശ്രമിക്കുന്നത്. ഇടവകകളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ചർച്ചകൾ പ്രകാരമാണ് ലൗ ജിഹാദിനെക്കുറിച്ച് ആശങ്ക സിനഡ് പ്രകടിപ്പിച്ചത്. മതങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ബാധിക്കുന്ന തരത്തിൽ ലൗ ജിഹാദിനെ സിനഡ് വിലയിരുത്തുന്നില്ല. പൊതുസമൂഹത്തെ ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമായി മനസിലാക്കി നിയമപാലകർ നടപടിയെടുക്കണമെന്നാണ് സിനഡ് ആവശ്യപ്പെട്ടത്. സർക്കുലറിനെ 'ലൗ ജിഹാദ് സർക്കുലർ' എന്ന് വിശേഷിപ്പിക്കാൻ ചിലർ കാണിക്കുന്ന താത്പര്യം ഗൂഢാലോചനയുടെ ഭാഗമാണ്.

മുസ്ലീംനേതാക്കളോ പാരമ്പര്യമുള്ള സംഘടനകളോ സഭയുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നില്ല. ചില വിഭാഗങ്ങളുടെ തീവ്രവാദസ്വഭാവം ഇസ്ലാംമതനേതാക്കൾ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. സിനഡിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് വിശദമായി ചർച്ചചെയ്തു. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാൻ കേന്ദ്രം മുന്നോട്ടുവരണമെന്ന് സിനഡ് ആവശ്യപ്പെട്ടു. നിയമങ്ങളെ എതിർക്കാൻ അക്രമമാർഗങ്ങൾ സ്വീകരിക്കുന്നതും ജനകീയസമരങ്ങളെ ക്രൂരമായി അടിച്ചമർത്തി നിശബ്ദരാക്കാൻ ശ്രമിക്കുന്നതും ഒരുപോലെ അധാർമ്മികമാണ്. ഇക്കാര്യങ്ങൾ ഉന്നയിച്ച് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്.