voters-list
voters list

കൊച്ചി : തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർപട്ടിക കരട് വോട്ടർ പട്ടികയായി നിശ്ചയിച്ച് സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ ഉത്തരവിറക്കിയതിനെതിരെ കോൺഗ്രസ് നേതാവും വിശാലകൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) മുൻ ചെയർമാനുമായ എൻ. വേണുഗോപാൽ ഹൈക്കോടതിയിൽ ഹർജി നൽകി. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടർപട്ടിക ഉപയോഗിക്കാതെ 2015 ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പു നടത്താനുള്ള നീക്കം സ്വേച്ഛാപരമാണെന്നും ഇതു റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. 2019 ലെ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പു നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.