metro
ആലുവ മുട്ടത്തെ മെട്രോ യാർഡിൽ ഞായറാഴ്ചയുണ്ടായ മഴയെ തുടർന്ന് വെള്ളം കെട്ടിയപ്പോൾ

ആലുവ: ഞായറാഴ്ച രാത്രിയുണ്ടായ അപ്രതീക്ഷിത മഴയിൽ കൊച്ചി മെട്രോയുടെ മുട്ടം തുരങ്കപ്പാത വെള്ളത്തിൽ മുങ്ങി. ഇന്നലെ രാവിലെയാണ് വെള്ളം ഇറങ്ങിയത്. തുരങ്കപ്പാത ഉപയോഗിക്കുന്നവർക്ക് മറ്റിടങ്ങളിലൂടെ സഞ്ചരിക്കേണ്ടിവന്നു. ചെറിയ മഴ പെയ്താൽ തന്നെ തുരങ്കപ്പാത ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.

തുരങ്കപ്പാതയിലെ വെള്ളക്കെട്ടിനെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധിച്ചു. നിർമ്മാണത്തിലെ അപാകതയാണ് വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മുട്ടംയാർഡിലെ വെള്ളം വറ്റിക്കുന്നതിനായി മോട്ടോർപമ്പ് ഉപയോഗിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമുണ്ടായ മഴവെള്ളം വറ്റിച്ചുകളയാൻ സാധിച്ചില്ല. മഴ പ്രതീക്ഷിക്കാതിരുന്നതിനാൽ വെള്ളം വലിച്ചെടുത്ത സ്ഥലത്ത് മാലിന്യം കെട്ടിക്കിടന്നതാണ് മോട്ടോർ പമ്പ് പ്രവർത്തിക്കാതിരിക്കാൻ കാരണം. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മെട്രോറെയിൽ അധികൃതരും സ്ഥലത്തെത്തിയിരുന്നു. ചൂർണിക്കരയിലെ പാടശേഖരങ്ങളും തോടും നികത്തിയാണ് മെട്രോയാർഡും മെട്രോ വില്ലയുമുൾപ്പടെ നിർമ്മിച്ചിട്ടുള്ളത്. ചെറിയ മഴ പെയ്താൽപ്പോലും കുന്നത്തേരി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ വെള്ളക്കെട്ട് പതിവാണ്.

# പ്രശ്നം പരിഹരിക്കും

അതേസമയം വെള്ളക്കെട്ടിന് യഥാർത്ഥകാരണം അന്വേഷിച്ചു വരികയാണെന്നും അവ പൂർണമായും പരിഹരിക്കാനുള്ള ശ്രമം നടത്തി വരികയാണെന്നും മെട്രോ അധികൃതർ പറഞ്ഞു.