ldf
ആലുവ നഗരസഭ കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷ അംഗങ്ങൾ നഗരസഭ കവാടത്തിന് മുമ്പിൽ കുത്തിയിരിപ്പു സമരം നടത്തുന്നു

ആലുവ: കഴിഞ്ഞവർഷത്തെ ശിവരാത്രിയാഘോഷങ്ങളുടെ വരവ് - ചെലവ് കണക്കുകൾ അവതരിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം ആലുവ നഗരസഭ കവാടത്തിന് മുമ്പിൽ കുത്തിയിരിപ്പു സമരം നടത്തി. 2019 ലെ ശിവരാത്രി ആഘോഷത്തിന്റെ വരവ് ചെലവ് കണക്ക് നിരന്തരമായി അവശ്യപെട്ടിട്ടും അവതരിപ്പിക്കാൻ ഭരണപക്ഷം തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. നഗരസഭയുടെ ബഡ്ജറ്റും ഔദ്യോഗികമായി നഗരസഭ കൗൺസിൽ ഇതുവരെ പാസാക്കിയിട്ടില്ല.

ഈ വർഷത്തെ ശിവരാത്രിക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ വരവുചെലവ് കണക്ക് അവതരിപ്പിക്കാൻ അടിയന്തര കൗൺസിൽ യോഗം വിളിച്ചുചേർത്തില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ പറഞ്ഞു. മനോജ് ജി. കൃഷ്ണൻ, ശ്യാം പത്മനാഭൻ, ഓമന ഹരി, ലോലിത ശിവദാസൻ എന്നിവർ നേതൃത്വം നൽകി.