ആലുവ: തുരുത്തുമ്മൽ ശ്രീവീരഭദ്രകാളീക്ഷേത്രത്തിലെ അവിട്ട ദർശന മഹോത്സവത്തിനു ആരംഭം കുറിച്ചുള്ള അവിട്ട ദർശന വിളംബര ശോഭയാത്ര ഇന്ന് നടക്കും. വൈകിട്ട് 5.30ന് മഹിളാലയം കവലയിൽ നിന്ന് വർണശബളമായ ശോഭായാത്ര ആരംഭിക്കും.

ശ്രീവീരഭദ്രകാളിയമ്മ എഴുന്നള്ളുന്ന അലങ്കരിച്ച തങ്കത്തേരിന് കാവടി സംഘങ്ങളും ചെണ്ടമേളവും നാദസ്വരവും ദേവവേഷ നൃത്തങ്ങളും 101 താലമേന്തിയ ബാലികമാരും ഭജനസംഘങ്ങളും അകമ്പടി സേവിക്കും. പെരിയാറിന് നടുവിലെ പരുന്തുറാഞ്ചി മണപ്പുറത്ത് ആകാശവിസ്മയം തീർത്ത് കരിമരുന്ന് പ്രയോഗവും നടക്കും. വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ശോഭായാത്ര ക്ഷേത്രത്തിൽ എത്തിച്ചേരുമ്പോൾ 'അലംകൃത ശാഖി ' ഉയർത്തുന്നതോടെ അവിട്ട ദർശന മഹോത്സവം തുടങ്ങും. ഞായറാഴ്ച ഉച്ചയ്ക്ക് 12നാണ് ചരിത്രപ്രസിദ്ധമായ അവിട്ട ദർശനം. തുടർന്ന് പതിനായിരങ്ങൾ പങ്കെടുക്കുന്ന അവിട്ടസദ്യയും നടക്കും.

ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ബസ് സർവീസ്, ഭക്തർക്ക് വെയിലും മഴയുമേൽക്കാതെ നിൽക്കാൻ പ്രത്യേക പന്തലുകൾ, സൗജന്യ കുടിവെള്ള കൗണ്ടറുകൾ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് അഡ്വ. എം.ബി. സുദർശകുമാർ അറിയിച്ചു.