sreeman-narayanan
തായ്‌വാനിലെ 'ദി ഷൈനിംഗ് വേൾഡ് കംപാഷൻ അവാർഡുമായി ശ്രീമൻ നാരായണൻ.

ആലുവ: സാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനുമായ മുപ്പത്തടം സ്വദേശി ശ്രീമൻ നാരായണന് പ്രഖ്യാപിച്ച തായ്‌വാനിലെ 'ദി ഷൈനിംഗ് വേൾഡ് കംപാഷൻ അവാർഡ്' വീട്ടിലെത്തി. 'ജീവജലത്തിന് ഒരു മൺപാത്രം'' എന്ന പദ്ധതി ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തനമെന്നു വിലയിരുത്തി തായ്‌വാനിലെ ദി സുപ്രീംമാസ്റ്റർ ചിങ്ങ്ഹായ് ഇന്റർനാഷണൽ അസോസിയേഷൻ പ്രഖ്യാപിച്ച അവാർഡാണിത്. അവാർഡു തുകയായ 7,20,000 രൂപ എറണാകുളം യൂണിയൻ ബാങ്കിൽ ഒരുമാസം മുമ്പെത്തിയിരുന്നു. അസോസിയേഷൻെറ തായ്‌വാനിലെ ആസ്ഥാനത്തുനിന്നും അയച്ച അവാർഡ് ഫലകവും ഫ്രെയിംചെയ്ത അവാർഡ് പത്രവുമടങ്ങിയ അംഗീകാരമുദ്രകൾ കഴിഞ്ഞ ദിവസമാണ് ശ്രീമൻ നാരായണന് ലഭിച്ചത്.

കൊടുംവേനലിൽ പക്ഷികൾക്ക് കുടിവെള്ളം സംഭരിച്ചു വയ്ക്കാനുള്ള മൺപാത്രങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയാണ് 'ജീവജലത്തിന് ഒരു മൺപാത്രം പദ്ധതി'. വേറിട്ട ഒരു കാരുണ്യപവൃത്തി വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട്. ദേശീയ അന്തർദ്ദേശീയ മാദ്ധ്യമങ്ങളും പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തു. ഇതു ശ്രദ്ധയിൽപ്പെട്ട ചിങ്ങ് ഹായ് ഇന്റർ നാഷണൽ അസോസിയേഷൻ തുടർ വിവരശേഖരണത്തിനു ശേഷം ഇക്കൊല്ലത്തെ 'ദി ഷൈനിംഗ് വേൾഡ് കംപാഷൻ അവാർഡ്' ശ്രീമൻ നാരായണനു പ്രഖ്യാപിക്കുകയായിരുന്നു.

2010 ൽ മനേകാഗാന്ധിക്കാണ് ഇന്ത്യയിൽ ഈ അവാഡ് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം സൗദി അറേബ്യയിലും അതിനുമുമ്പ് കാനഡയിലുമുള്ള വ്യക്തികൾക്കാണ് അവാർഡ് ലഭിച്ചത്. ഈ വർഷം ഒരു ലക്ഷം വിദ്യാർത്ഥികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ട് കേരളം മുഴുവൻ ഈ പദ്ധതി വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശ്രീമൻ നാരായണൻ. സുപ്രീംമാസ്റ്റർ വേൾഡ് ടെലിവിഷൻ ടീം ശ്രീമൻ നാരായണന്റെ കാരുണ്യ പ്രവർത്തനങ്ങൾ ചിത്രീകരിക്കാൻ തായ്‌വാനിൽ നിന്ന് ഉടനെ എത്തും.