കൊച്ചി : പയ്യോളി മനോജ് വധക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്ത 25 -ാം പ്രതി ഗിരീഷ്, 27 -ാം പ്രതി വിബിൻദാസ് എന്നിവരെ ഇന്നലെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ വിശദമായി ചോദ്യംചെയ്യാൻ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നൽകിയ അപേക്ഷ കോടതി ഇന്നു പരിഗണിക്കും.
ബി.എം.എസ് പ്രവർത്തകനായിരുന്ന പയ്യോളി മനോജിനെ 2012 ഫെബ്രുവരി 12 നാണ് പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം വിദേശത്തേക്ക് കടന്ന ഗിരീഷിനും വിബിൻദാസിനും വേണ്ടി ഇന്റർപോളിന്റെ സഹായത്തോടെ സി.ബി.ഐ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് നാട്ടിലേക്ക് മടങ്ങിയ ഇവരെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് സി.ബി.ഐ അറസ്റ്റുചെയ്തത്. രാഷ്ട്രീയവിരോധം മൂലമാണ് പ്രതികൾ മനോജിനെ കൊലപ്പെടുത്തിയതെന്ന് ആദ്യം കേസന്വേഷിച്ച പൊലീസ് സംഘം കണ്ടെത്തിയിരുന്നു. പി.വി. രാമചന്ദ്രൻ ഉൾപ്പെടെ 15 പേരെ പ്രതികളാക്കി പൊലീസ് കുറ്റപത്രവും നൽകിയിരുന്നു. എന്നാൽ യഥാർത്ഥ പ്രതികൾ തങ്ങളല്ലെന്നും പാർട്ടിയും പൊലീസും ചേർന്ന് പ്രതികളാക്കിയതാണെന്നും ഇവരിൽ നാലുപേർ കോടതിയിൽ മൊഴി നൽകിയതു വിവാദമായിരുന്നു. ഇൗ സംഭവത്തെത്തുടർന്ന് മനോജിന്റെ അമ്മയും മറ്റും സത്യസന്ധമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു നൽകിയ പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇതിനിടെ അന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്നാവശ്യപ്പെട്ട് മനോജിന്റെ ഉറ്റ സുഹൃത്തായ സാജിദ് ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്നാണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐയ്ക്കു വിട്ടത്.