anwar-sadath-mla
വീടു വെയ്ക്കാൻ സ്ഥലമില്ലാതെ കഷ്ടപ്പെടുന്ന നാലു കുടുംബങ്ങൾക്ക് മേയ്ക്കാട് തെറ്റയിൽ ടി.എം. ജേക്കബ് സൗജന്യമായി നൽകുന്ന ഭൂമിയുടെ ആധാരം അൻവർ സാദത്ത് എം.എൽ.എ കൈമാറുന്നു. സമീപം ടി.എം. ജേക്കബും കുടുംബവും.

നെടുമ്പാശേരി: ജോലി ചെയ്യാൻ ആരോഗ്യം തരുന്നതിലൂടെ ദൈവം തനിയ്ക്ക് ആവശ്യത്തിന് സമ്പത്ത് നൽകുന്നുണ്ട് .തന്റെ അദ്ധ്വാനമൊന്നുമില്ലാതെ ലഭിച്ച ഭൂമി ദാനം ചെയ്യുന്നതിലൂടെ കൂടുതൽ ദൈവാനുഗ്രഹവും സന്തോഷവും ലഭിക്കും

അന്തിയുറങ്ങാൻ കിടപ്പാടമില്ലാതെ ദുരിതമനുഭവിക്കുന്ന നാല് കുടുംബത്തിന് പൈതൃകസ്വത്തായി ലഭിച്ച 12.5 സെന്റ് സ്ഥലം വീതിച്ച് നൽകി നെടുമ്പാശേരി മേയ്ക്കാട് തെറ്റയിൽ ടി.എം.ജേക്കബ് പറഞ്ഞു.

ജേക്കബിന് കുടുംബസ്വത്തായി ലഭിച്ച സ്ഥലമാണ് ദാനം ചെയ്യുന്നത്. നേരത്തെ ഇവിടെ വീടുവയ്ക്കാൻ പദ്ധതിയിട്ടെങ്കിലും സ്ഥലം വീതിച്ചു കിട്ടാൻ വൈകിയതിനാൽ നടന്നില്ല. ഇലക്ട്രിക്കൽ ജോലികളുടെ കരാറുകാരനായ ജേക്കബ് വേറെ സ്ഥലം വാങ്ങി വീടു വെച്ചു.ഈ സത് കർമ്മത്തിന് ഭാര്യ മിനിയുടെ പൂർണ പിന്തുണ ജേക്കബിനുണ്ട്.

കാരയ്ക്കാട്ടുകുന്ന് സെന്റ് മേരീസ് പള്ളിയ്ക്കു സമീപമാണ് 60 ലക്ഷത്തിലേറെ രൂപ വില വരുന്ന ഭൂമി. നാലായി മുറിച്ച ശേഷം പൊതുകിണറിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആലുവ സ്വദേശി മൻസിദ, ചൂർണിക്കര സ്വദേശിനി ജുഗുണ, വട്ടപ്പറമ്പ് സ്വദേശിനി അസ്‌ന, പൊയ്ക്കാട്ടുശേരി സ്വദേശിനി തങ്കമണി എന്നിവർക്കാണ് ഭൂമി നൽകിയത്. പ്രായമായ ഉമ്മയോടും കുട്ടിയോടമൊപ്പം വാടകവീട്ടിലാണ് മൻസിദ കഴിയുന്നത്. ജുഗുണയുടെ ഭർത്താവ് തളർവാതം വന്ന് കിടപ്പിലാണ്. പഠിക്കുന്ന മൂന്നു മക്കളോടൊപ്പം വാടകവീട്ടിൽ താമസം. ജുഗുണയ്ക്കും നട്ടെല്ലിന് പ്രശ്‌നമുണ്ട്.

മാതാവും പിതാവും മരിച്ചശേഷം ഇപ്പോൾ നെടുമ്പാശേരിയിൽ അമ്മാവന്റെ വീട്ടിലാണ് അസ്‌ന കഴിയുന്നത്. സഹോദരനുണ്ട്. ഇരുവരും പഠിക്കുന്നു. ജീവൻ രക്ഷിക്കാൻതങ്കമണി വൃക്കനൽകി​യി​രുന്നു . ഓപ്പറേഷനു വേണ്ടി സ്ഥലം വിൽക്കേണ്ടി വന്നു. വൃക്ക മാറ്റി വെച്ചെങ്കിലും തകരാറായതിനാൽ പിന്നീട് വേറൊരാളുടെ വൃക്ക മാറ്റി വെച്ചാണ് മകൻ ജീവൻ നില നിർത്തുന്നത്.ഭർത്താവ് നേരത്തെ മരി​ച്ചു.

ചടങ്ങ് അൻവർ സാദത്ത് എം.എൽ.എ ഉ്ദഘാടനം ചെയ്തു. ആധാരം അൻവർ സാദത്ത് എം.എൽ.എ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ, അംഗം സി.പി. ഷാജി, ഫാ. ജിമ്മി കുന്നത്തൂർ, സഹകരണ ബാങ്ക് പ്രസിഡന്റ് ജിസ് തോമസ്, മിനി ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.