കാലടി: തിരുവൈരാണിക്കുളത്ത് ശ്രീപാർവ്വതീദേവിയുടെ തിരുനട അടച്ചു. മണിവാതിലുകളുടെ പിന്നിൽ ദേവിയുടെ മോഹനരൂപം മറയുന്നതു കണ്ടു നിന്നവർ ഭക്തിയുടെ പരകോടിയിലെത്തി.
നടതുറപ്പ് പോലെ തന്നെ നടയടയ്ക്കുന്നതിനുള്ള പരമ്പരാഗതമായ ആചാരങ്ങൾ നേരിൽ കാണാൻ നിരവധി ഭക്തർ ക്ഷേത്ര നടയ്ക്കൽ ഒത്തുകൂടിയിരുന്നു. നടതുറപ്പു ദിവസങ്ങളിൽ നിത്യവും രാത്രി ശ്രീകോവിലിൽ നിന്ന് പാട്ടുപുരയിലേക്ക് എതിരേൽക്കുന്ന ദേവിയെ അവസാന ദിവസം മഹാദേവന്റെ അത്താഴ പൂജയ്ക്കു മുൻപായി തിരികെ ശ്രീകോവിലേക്ക് എതിരേറ്റു.
ക്ഷേത്ര ഊരാണ്മക്കാരായ അകവൂർ, വെടിയൂർ, വെൺമണി മനകളിൽ നിന്നുള്ള പ്രതിനിധികളും സമുദായതിരുമേനി ചെറുമുക്ക് വാസുദേവൻ നമ്പൂതിരിപ്പാട്, പാർവ്വതീദേവിയുടെ ഇഷ്ടതോഴിയായി സങ്കൽപ്പിക്കപ്പെടുന്ന 'പുഷ്പിണി' ക്ഷേത്ര ഭരണസമിതി പ്രതിനിധികൾ എന്നിവർ ചടങ്ങുകളിൽ പങ്കുകൊണ്ടു. പുഷ്പിണിയായി സങ്കൽപ്പിക്കപ്പെടുന്ന ബ്രാഹ്മണിയമ്മ 'എല്ലാവരും തൃക്കൺ പാർത്തുകഴിഞ്ഞുവോ' എന്ന് വിളിച്ചു ചോദിച്ചു. 'ഉവ്വ്' എന്ന് സമുദായ തിരുമേനി ഉത്തരം നൽകി. തുടർന്ന് 'നട അടപ്പിച്ചോട്ടേ' എന്നു മൂന്നു വട്ടം ചോദിച്ചു. 'അടപ്പിച്ചാലും' എന്ന് മറുപടി. പുഷ്പിണി 'നട അടച്ചാലും' എന്നു മേൽശാന്തിയോട് ആവശ്യപ്പെട്ടതിനു പിന്നാലെ രാത്രി എട്ടു മണിയോടെ തിരുനട അടച്ചു. സിനിമാതാരങ്ങളായ ദിലീപ്, ജയറാം, വിനുമോഹൻ എന്നിവർ ഇന്നലെ ദർശനം നടത്തി.