ആലുവ: മിനി സിവിൽ സ്റ്റേഷനിൽ രണ്ട് മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയ യുവാവിനെ ഫയർഫോഴ്സ് സാഹസികമായി രക്ഷപെടുത്തി. ലയേഷ് (28) എന്ന യുവാവാണ് മൂന്നാമത്തെ നിലയിൽ കുടുങ്ങിയത്.
ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. ലിഫ്റ്റിന്റെ വാതിൽ തുറക്കാൻ കഴിയാതാവുകയും ലിഫ്റ്റ് ചലിക്കാതാവുകയും ചെയ്‌തോടെ യുവാവ് അകത്ത് പെടുകയായിരുന്നു. റവന്യൂ വകുപ്പിലെ ജീവനക്കാർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചു. അവരെത്തിയാണ് വാതിൽ തുറന്ന് യുവാവിനെ രക്ഷപ്പെടുത്തിയത്. യുവാവ് ലിഫ്റ്റിൽ കുടുങ്ങിയതറിഞ്ഞ് നിരവധി പേരും എത്തിയിരുന്നു. ആലുവ ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം സ്റ്റേഷൻ ഓഫീസർ കെ.വി. അശോകൻ, അസി. ഗ്രേഡ് സ്‌റ്റേഷൻ ഓഫീസർ പി.പി. പോൾസൺ, സീനിയർ ഫയർ ഓഫീസർ കെ.കെ. ഷാജി, പി.എൻ. കിരൺ, രാഹുൽദാസ്, സുധി ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.