രണ്ടു വർഷത്തിനിടെ ചെലവഴിച്ചത് 7.80 %
കൊച്ചി: കേന്ദ്ര നഗര വികസന പദ്ധതിയായ സ്മാർട് സിറ്റി മിഷൻ പ്രോജക്ടിൽ ( എസ്.സി. എം.എൽ )കൊച്ചി പിന്നിൽ. മാർച്ചിൽ പദ്ധതി അവസാനിക്കാനിരിക്കെ 7.80 ശതമാനം പദ്ധതിവിഹിതം മാത്രമേ കൊച്ചിക്ക് ചെലവഴിക്കാനായൊള്ളൂ. 45 പദ്ധതികളിൽ ഒന്നുപോലും പൂർത്തീകരിക്കാനായില്ല. 18 പദ്ധതികൾ അവസാനഘട്ടത്തിലാണെന്ന് അവകാശപ്പെടുമ്പോൾ 10 പദ്ധതികളുടെ ടെൻഡർ നടപടികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ടെൻഡർ നടപടികൾ ആരംഭിച്ച 14 പദ്ധതികളിൽ കരാർ ഏറ്റെടുക്കാൻ തയ്യാറാകാത്ത ഏഴു പദ്ധതികൾ റീ ടെൻഡറിനുള്ള ശ്രമത്തിലുമാണ്.
# ലക്ഷ്യമിട്ടത് നഗരവികസനം
അംഗീകാരം ലഭിച്ച പദ്ധതികൾ 970.6 കോടി
കേന്ദ്ര, സംസ്ഥാന,നഗരസഭ വിഹിതമായി കിട്ടിയത് 401.7 കോടി
ചെലവഴിച്ചത് 84
അവശേഷിക്കുന്നത് 317 കോടി
രണ്ടാം ഘട്ട വിഹിതം 568.9 കോടി
# ബാക്കി തുക സ്വാഹ
ആദ്യ ഘട്ടത്തിലെ തുക ചെലവഴിച്ചതിന്റെ രേഖകൾ നൽകിയെങ്കിൽ മാത്രമേ രണ്ടാം ഗഡു ലഭിക്കുകയുള്ളൂ. പദ്ധതി കാലാവധി അവസാനിക്കാൻ 70 ദിവസം മാത്രം ശേഷിക്കെ ആദ്യഘട്ട വിഹിതം പോലും ചെലവഴിക്കാനാകുമോയെന്ന ആശങ്കയിലാണ് കൊച്ചി നഗരസഭ.
# ഏറെകുറെ പൂർത്തിയായത്
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്ന പദ്ധതിയുടെ ഭാഗമായി പദ്ധതിപ്രദേശത്തെ ഓരോ വീട്ടിലും വേസ്റ്റ് ബിന്നുകൾ നൽകുന്ന പദ്ധതി ഫെബ്രുവരി 28 ഓടെ പൂർണമാകുമെന്ന് സി.എസ്.എം.എൽ ടീം ലീഡർ അജയ്‌കുമാർ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഒപ്പം പശ്ചിമകൊച്ചി മേഖലകളിലെ റോഡുകളുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്ന് റോഡുകളുടെ നിർമ്മാണം പൂർത്തിയായി. രണ്ടെണ്ണത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഏഴു റോഡുകളിലെ കാന നവീകരണം പൂർത്തിയായി. 40 ചെറു റോഡുകളുടെയും 6 പ്രധാന റോഡുകളുടെയും ആധനിക നവീകരണമാണ് പദ്ധതിവഴി നടപ്പാക്കുന്നത്. ജനറൽ ആശുപത്രിയിലെയും മട്ടാഞ്ചേരി, ഫോർട്ട്‌കൊച്ചി താലൂക്ക് ആശുപത്രികളിലെയും നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാണ്. മേൽക്കൂര സൗരോർജ പദ്ധതിയിൽ 24 സർക്കാർ കെട്ടിടങ്ങളുടെ മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു.1`00 കോടി മുടക്കി നടപ്പാക്കുന്ന എറണാകുളം മാർക്കറ്റ് നവീകരണം ഉൾപ്പടെയുള്ള 205 കോടിയുടെ പദ്ധതികൾ ഈ മാസം ടെൻഡർ ചെയ്യും
#കാലതാമസത്തെ ന്യായീകരിച്ച്
സി.എസ്.എം.എൽ
16 മാസം വൈകിയാണ് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിക്കാനായത്. പലഘട്ടങ്ങളിലായി വന്ന തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ടെൻഡർ നടപടികളെ ബാധിച്ചു.
സർവകക്ഷിയോഗം ചേരും: മേയർ
പദ്ധതികളുടെ നിർവഹണം വേഗത്തിലാക്കാൻ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി സർവകക്ഷി യോഗം വിളിക്കുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു. പദ്ധതി പ്രദേശത്തെ ജനങ്ങളെയും രാഷ്ട്രീയ പാർട്ടി നേതാക്കളെയും യോഗത്തിൽ ക്ഷണിക്കും. സർക്കാർ തലത്തിൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കാൻ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മോയ്തീനോട് ആവശ്യപ്പെടാനും കൗൺസിലിൽ തീരുമാനമായി.
#സ്മാർട്ട് സിറ്റി ഉദ്യോഗസ്ഥർക്ക് രൂക്ഷവിമർശനം
സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ഇന്നലെ ചേർന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ ഉദ്യോഗസ്ഥർക്കെതിരെ വിമർശനവുമായി ഡെപ്യൂട്ടി മേയർ കെ.ആർ പ്രേമകുമാറും കൗൺസിലർമാരും രംഗത്ത് വന്നു. ചർച്ചയിൽ പങ്കെടുത്ത എല്ലാ കൗൺസിലർമാരും സ്മാർട്ട് സിറ്റി ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.
അഞ്ച് വർഷം കൊണ്ട് ഏഴ് ശതമാനം പദ്ധതികൾ പോലും പൂർത്തിയാക്കാൻ സാധിക്കാത്തവർ എങ്ങിനാണ് 70 ദിവസംകൊണ്ട് ബാക്കി പൂർത്തിയാക്കുകയെന്ന് ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ ചോദിച്ചു.
പദ്ധതിയുടെ തുടക്കം മുതൽ തന്നെ പാളിച്ചകൾ സംഭവിച്ചതായി പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി പറഞ്ഞു.