# മേൽനോട്ടത്തിന് ദേശീയ ഏജൻസി
# കിഫ്ബി പണികൾ നിരീക്ഷിക്കും
# പ്രതീക്ഷയോടെ കാൻസർ രോഗികൾ
കൊച്ചി: വാർക്കപ്പണിയ്ക്കിടെ ഒരുഭാഗം തകർന്നു വീണതോടെ സ്തംഭിച്ച കൊച്ചി കാൻസർ സെന്ററിന്റെ കെട്ടിട നിർമ്മാണം ഉടൻ പുനരാരംഭിക്കും. പണികൾ നിശ്ചിത സമയത്തിനകം പൂർത്തിയാക്കാൻ ധനസഹായം നൽകുന്ന കിഫ്ബി തീരുമാനിച്ചു. ഒരാഴ്ചയ്ക്കകം നിർമ്മാണം വീണ്ടും ആരംഭിച്ചേക്കും.
കഴിഞ്ഞ നവംബർ 25 നാണ് കളമശേരി മെഡിക്കൽ കോളേജിന് സമീപത്ത് നിർമ്മിക്കുന്ന കാൻസർ സെന്റർ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണത്. ഇൻകെലിന്റെ മേൽനോട്ടത്തിൽ ചെന്നൈയിലെ കരാറുകാരനായിരുന്നു നിർമ്മാണം.
കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിലാണ് നിർമ്മാണം പുനരാരംഭിക്കാൻ തീരുമാനിച്ചത്. കിഫ്ബിയുടെ അനുമതിപത്രവും കാൻസർ സെന്റർ ഡയറക്ടർക്ക് ലഭിച്ചു.
# കിഫ്ബി തീരുമാനങ്ങൾ
• നിർമ്മാണം എത്രയും പെട്ടന്ന് പുനരാരംഭിക്കാൻ നടപടി.
• പ്രമുഖ ഏജൻസി മേൽനോട്ടം വഹിക്കും.
• കിഫ്ബി സാങ്കേതിക വിഭാഗവും നിരീക്ഷിക്കും.
• കരാറുകാർക്ക് പണം നൽകുന്നതിൽ ജാഗ്രത.
• സമയബന്ധിതമായി നിർമ്മാണം പൂർത്തീകരിക്കും.
# കരാറുകാരനെ മാറ്റുന്നതിൽ അവ്യക്തത
നിർമ്മാണം വൈകിപ്പിച്ചതിന് ഒന്നിലേറെ തവണ താക്കീത് നൽകിയ കരാറുകാരനെ മാറ്റണമെന്ന ആവശ്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. ഒരു വർഷം പണിതിട്ടും പത്തു ശതമാനം പോലും എത്തിയിട്ടില്ല.
# ആശങ്ക മാറുന്നില്ല
ദീർഘകാലമായി ജനങ്ങൾ കാത്തിരിക്കുന്നതാണ് കാൻസർ സെന്റർ. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്മെന്റ് മുതൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വരെ സംഭവത്തിൽ ആശങ്ക രേഖപ്പെടുത്തി. നിരവധി സംഘടനകൾ സ്ഥലത്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
# എങ്ങുമെത്താതെ അന്വേഷണം
അപകടം നടന്ന് നാലാഴ്ച പിന്നിട്ടിട്ടും കാരണം കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. സെന്ററിന്റെ സ്പെഷ്യൽ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എസ്. സുഹാസ് നിയോഗിച്ച പൊതുമരാമത്ത് സംഘം സ്ഥലം സന്ദർശിച്ചെങ്കിലും റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ആരോഗ്യവകുപ്പും സംഭവത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകിയിരുന്നില്ല.
# നിയമസഭാ സമിതിയും വിമർശിച്ചു
കെട്ടിട നിർമ്മാണം വൈകുന്നതിൽ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റിയും വിമർശനം ഉന്നയിച്ചിരുന്നു. പദ്ധതിപ്രദേശം സന്ദർശിച്ച എസ്. ശർമ്മ അദ്ധ്യക്ഷനായ സമിതി വീഴ്ചകൾ എണ്ണിപ്പറഞ്ഞു. സമിതി റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ആരോഗ്യ വകുപ്പ് നൽകിയിട്ടില്ലെന്നാണ് സൂചനകൾ.