#ഇനി സംസ്ഥാന സർക്കാർ കനിയണം
കൊച്ചി: വടുതല, ചിറ്റൂർ, പിഴല, ചേരാനല്ലൂർ മേഖലകളിലെ പതിനായിരക്കണക്കിന് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന വടുതല മേല്പാലത്തിന് റെയിൽവേയുടെ പച്ചക്കൊടി. ഇതോടെ മുടങ്ങി കിടന്നിരുന്ന വടുതല റെയിൽവേ മേല്പാലം പദ്ധതിക്ക് വീണ്ടും ജീവൻ വച്ചു. മേല്പാലത്തിന് റെയിൽവേ തത്വത്തിൽ അംഗീകരിച്ച് ഉത്തരവായതോടെയാണ് പദ്ധതിയുടെ പ്രധാന തടസം മാറി കിട്ടിയത്.
# റെയിൽവേ അയഞ്ഞു
13.80 മീറ്റർ ക്ലിയറൻസ് വിട്ടുകൊണ്ടു മാത്രമേ അലൈൻമെന്റ് തയ്യാറാക്കാവൂ എന്ന മുൻ നിർദ്ദേശത്തിൽ മാറ്റം വരുത്തി 10.2 മീറ്റർ ക്ലിയറൻസ് വിട്ട് പാലം നിർമ്മിക്കാൻ റെയിൽവേ ചീഫ് എൻജിനിയർ (കൺസ്ട്രക്ഷൻ) ഉത്തരവായതോടെയാണ് പാലത്തിന് വഴി തെളിഞ്ഞത്. ഹൈബി ഈഡൻ എം.പിയും റെയിൽവെ മന്ത്രാലയത്തിലുൾപ്പെടെ ഇടപെട്ടത് നടപടികൾ വേഗത്തിലാക്കി.
# തുടക്കം 2016 ൽ
2016- 17 സംസ്ഥാന ബഡ്‌ജറ്റിൽ മേല്പാലത്തിനായി 35 കോടി രൂപ പ്രഖ്യാപിച്ചു. ആർ.ബി.ഡി.സി.കെയെ( റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് ഡെവലെപ്‌മെന്റ് കോർപ്പറേഷൻ കേരള) നിർമ്മാണ ചുമതല ഏൽപ്പിച്ചു. കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 47.74 കോടി രൂപ അനുവദിച്ചു.
# പദ്ധതിയുടെ നാൾവഴികൾ
നടപടികൾ എല്ലാം പൂർത്തിയാക്കി മുന്നോട്ട് പോകുമ്പോഴാണ് പാലത്തിന്റെ തെക്കുവശത്ത് ഇപ്പോഴുള്ള ട്രാക്കിൽ നിന്നും 13.8 മീറ്റർ വിട്ട് അലൈൻമെന്റ് തയ്യാറാക്കണമെന്ന് റെയിൽവേ നിർദ്ദേശിച്ചത് . മൂന്നാമതൊരു ലൈൻ കൂടി വരുന്നതിനാൽ ക്ലിയറൻസ് കൂടുതൽ വേണമെന്നായിരുന്നു റെയിൽവേയുടെ വാദം.
എന്നാൽ 13.8 മീറ്റർ ക്ലിയറൻസ് വിട്ട് പദ്ധതി നടപ്പിലാക്കുന്നതിന് അനുവദിച്ച തുക പര്യാപ്തമല്ലെന്നും അനേകം കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമെന്നും 2019 ജൂണിൽ ആർ.ബി.ഡി.സി.കെ. റെയിൽവേ ചീഫ് എൻജിനീയർക്ക് മറുപടി നൽകി.
# ആക്ഷൻ കൗൺസിൽ ഇടപെടുന്നു
മാസങ്ങളോളം തുടർനടപടികളൊന്നും ഉണ്ടാകാതെയായതോടെ മേല്പാലത്തിനായി രൂപം കൊണ്ട ആക്ഷൻ കൗൺസിൽ ഭാരവാഹികൾ രംഗത്തിറങ്ങി. റെയിൽവേ ചീഫ് എൻജിനീയറെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു. എം.പി, എം.എൽ.എ. എന്നിവരും സമ്മർദ്ദം ചെലുത്തിയതോടെ 10.2 മീറ്ററിൽ ക്ലിയറൻസിൽ പാലം നിർമ്മിക്കാൻ റെയിൽവേ ഉത്തരവിട്ടു.
# നീണ്ട കാത്തിരിപ്പ്
2016 ൽ അനുവദിച്ച പദ്ധതിക്ക് സ്ഥലമെടുപ്പ് നടപടി പോലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. വടുതല പള്ളിക്കാവ് അമ്പലത്തിന് സമീപത്തുനിന്ന് ആരംഭിച്ച് റെയിൽവേ ക്രോസിന് 50 മീറ്റർ മാറി ട്രാക്കിന് മുകളിലൂടെ കടന്ന് വടുതല പെട്രോൾ പമ്പിന് സമീപമാണ് പാലം അവസാനിക്കാനാണ് പദ്ധതി. ഇതിനായി റോഡിന്റെ ഇരുഭാഗത്തുമായി 84 സ്ഥലങ്ങളിൽ അതിരു തിരിച്ച് കല്ലിട്ടിട്ടുണ്ട്.
# സ്ഥലമേറ്റെടുപ്പ് വേഗം പൂർത്തിയാക്കണം
ഒരേക്കറോളം സ്ഥലമാണ് പദ്ധതിക്കായി ഏറ്റെടുക്കേണ്ടത്. ന്യായമായ വില നൽകി സംസ്ഥാന സർക്കാർ ഭൂമി ഏറ്റടുക്കണം. വേഗത്തിൽ നടപടികൾ പൂർത്തിയാക്കണം. പച്ചാളം പാലത്തിന്റെ ഗുണം പൂർണ്ണമായി ലഭിക്കണമെങ്കിൽ വടുതല പാലം കൂടി പൂർത്തിയാകണം.
കെ.ജി. പണിക്കർ ,ചെയർമാൻ ആക്ഷൻ കൗൺസിൽ ഫോർ വടുതല റെയിൽവേ ഓവർ ബ്രിഡ്‌ജ്
# തുടർനടപടി സ്വീകരിക്കും.
വടുതല പാലത്തിന്റെ തടസങ്ങൾ നീങ്ങിക്കഴിഞ്ഞു. നിർമ്മാണത്തിന് മുന്നോടിയായ തുടർനടപടികൾ സ്വീകരിക്കും. ബന്ധപ്പെട്ട ഏജൻസികളുടെ പിന്തുണയോടെ പാലം യാഥാർത്ഥ്യമാക്കും.
ഹൈബി ഈഡൻ എം.പി.