കോലഞ്ചേരി: വാഹനഗതാഗത നിയമലംഘനങ്ങൾക്ക് പിഴയടയ്ക്കാൻ ഇനി കൈയിൽ പണം വേണമെന്നില്ല. ഡെബിറ്റ് കാർഡുകൾ വഴി പണമടയ്ക്കാനുള്ള സംവിധാനം നിലവിൽ വരുന്നു. ഫെഡറൽ ബാങ്കുമുയി ചേർന്നാണ് മോട്ടോർ വാഹന വകുപ്പ് ഇതിനുള്ള സൗകര്യമൊരുക്കുന്നത്. ഇതു വഴി റു പെ, വിസ, മാസ്റ്റർ കാർഡുകളിൽ നിന്നും പണമടയ്ക്കാൻ കഴിയും. ജീവനക്കാരുടെ ആൻഡ്രോയ്ഡ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പ് വഴിയാണ് പ്രവർത്തനം. ആപ്പിലെ കാമറകൾ വഴി എടുക്കുന്ന നിയമ ലംഘനങ്ങൾ അപ് ലോഡ് ചെയ്യുമ്പോൾ ആപ്പ് തന്നെ വിശകലനം ചെയ്ത് പിഴ കണക്കാക്കി ചെക്ക് റിപ്പോർട്ട് ലഭ്യമാക്കും. കേന്ദ്ര സർക്കാരിന്റെ വാഹൻ സോഫ്റ്റ് വെയറുമായി ലിങ്ക് ചെയ്താണ് ആപ്പിന്റെ പ്രവർത്തനം. നിയമലംഘനം രേഖപ്പെടുത്തി ക്രമക്കേട് കണ്ടെത്തുന്ന ഈ സംവിധാനം നാഷണൽ ഇൻഫൊമാറ്റിക്സാണ് തയ്യാറാക്കിയത്. അപ്പു വഴി നിയമ ലംഘനങ്ങൾ ആവർത്തിക്കുകയാണെങ്കിൽ അക്കാര്യവും കണ്ടെത്താനാകും അതു വഴി പിഴ തുക കൂടും. ഉദ്യോഗസ്ഥർക്ക് പ്രത്യേകം യൂസർ ഐ.ഡിയും പാസ് വേഡും നൽകിയാണ് പ്രവർത്തനം. ആപ്പ് വഴി പകർത്തുന്ന ചിത്രത്തിൽ നിയമലംഘനം നടന്ന തീയതി, സമയം, സ്ഥലം ഉൾപ്പടെ രേഖപ്പെടുത്താനാകും. കൃത്യമായ തെളിവോടെ നിയമ ലംഘകർക്ക് നോട്ടീസ് നൽകാൻ ഇതു വഴി കഴിയും. ആപ്പിലൂടെയല്ലാതെ പകർത്തുന്ന ചിത്രങ്ങൾ അപ് ലോഡ് ചെയ്യാനാകുമാകില്ല. ഡ്യൂട്ടിയിലില്ലാത്ത സമയത്തും നിയമ ലംഘനം നേരിൽ കാണുന്ന ഉദ്യോഗസ്ഥർക്ക് നടപടി എടുക്കാനുമാകുമെന്നതാണ് മറ്റൊരു പ്രത്യേകത.
ഇ-പോസ് മെഷീനും ഇ ചെലാനും
പണമടയ്ക്കുന്നയാൾക്ക് രസീതും കൈയോടെ ലഭ്യമാക്കുന്ന വിധമാണ് ഇതിനായുള്ള ഇ-പോസ് മെഷീനുകൾ തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ആർ.ടി.ഒ, ജോയിന്റ് ആർ.ടി.ഒ ഓഫീസികളിലും മെഷീൻ ലഭ്യമാക്കും. ഇതോടൊപ്പം ഇ ചലാൻ സൗകര്യവുമെത്തും. നിലവിൽ നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചെക്ക് റിപ്പോർട്ട് തയ്യാറാക്കി നൽകിയാണ് പിഴ ഈടാക്കുന്നത്. ഇതിനെടുക്കുന്ന കാല താമസം കുറയ്ക്കാനാണ് ഇ ചലാൻ സേവനം.