പറവൂർ : പുത്തൻവേലിക്കര പഞ്ചായത്തിലെ ഇളന്തിക്കര – കോഴിത്തുരുത്ത് മണൽബണ്ട് നിർമാണം പൂർത്തിയായെങ്കിലും പെരിയാറിൽ നിന്നും ചാലക്കുടിയാറിലേക്ക് ഓരുജലഭീഷണി ഒഴിയുന്നില്ല. കോഴിത്തുരുത്ത് പാലത്തിനു താഴെ മണൽചാക്കുകൾ ഇടാത്തതാണ് കാരണം. കണക്കൻകടവ് റഗുലേറ്റർ കം ബ്രിഡ്ജിലെ ഷട്ടറുകൾക്ക് തകരാറുള്ളതിനാൽ മേജർ ഇറിഗേഷൻ വകുപ്പാണ് ഇളന്തിക്കരയിൽ നിന്നും കോഴിത്തിരുത്തിലേക്ക് മണൽബണ്ട് നിർമിച്ചത്. മുൻ വർഷങ്ങളിൽ മണൽബണ്ട് നിർമാണത്തിനൊപ്പം കോഴിത്തിരുത്ത് പാലത്തിനടിയിൽ മണൽചാക്കിട്ടു ബണ്ട് നിർമിക്കുമായിരുന്നു. പാലത്തിന്റെ നാല് സ്ലൂയിസുകളിൽ മൂന്നെണ്ണത്തിൽ മണൽചാക്കുകൾ ഇടുകയും ഒരെണ്ണത്തിൽ ഉയർത്താനും താഴ്ത്താനും കഴിയുന്ന പലക സ്ഥാപിക്കുകയുമാണ് പതിവ്. ഇത്തവണ ചെയ്തിട്ടില്ല. പാലം സ്ഥിതിചെയ്യുന്ന പുഴയുടെ കൈവഴി ചൗക്കക്കടവിലാണു ചെന്നെത്തുക. ഉടൻ മണൽചാക്ക് ഇട്ടില്ലെങ്കിൽ ഓരുജലം ഇതിലൂടെ ഒഴുകി ചാലക്കുടിയാറിലെത്തും. ഓരുജലം കയറിയാൽ ഇളന്തിക്കരയിലെ പമ്പ് ഹൗസിൽ നിന്നു വെള്ളം പമ്പ് ചെയ്യുമ്പോൾ ഉപ്പുവെള്ളമായിരിക്കും വീടുകളിലെത്തുക.