കൊച്ചി: അമൃത വിശ്വ വിദ്യാപീഠത്തിലെ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന ശാസ്ത്ര, സാങ്കേതിക, കലാ, സാംസ്കാരിക മേള 'വിദ്യുത് 2020' ജനുവരി 30, 31, ഫെബ്രുവരി 1 തീയതികളിൽ കൊല്ലം അമൃതപുരി ക്യാമ്പസിൽ നടക്കും. ഇരുപതിനായിരത്തോളം കോളേജ് വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്ലാസ്റ്റികിനെ പൂർണ്ണമായി മാറ്റിനിർത്തിയാണ് ഇത്തവണ വിദ്യുത് ഒരുങ്ങുന്നത്. വിജയികൾക്ക് ഇ- സർട്ടിഫിക്കറ്റുകളാകും നൽകുക. പ്രിന്റഡ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവരിൽ നിന്ന് പണം ഈടാക്കി വൃക്ഷത്തൈ നട്ടുപിടിപ്പിക്കും.
2012 ൽ തുടക്കം കുറിച്ച വിദ്യുതിന്റെ ഒമ്പതാമത്തെ പതിപ്പാണ് ഇത്തവണത്തേത്. ശാസ്ത്ര സാങ്കേതിക രംഗത്തെ വിദ്യാർത്ഥികളുടെ മികച്ച കണ്ടുപിടുത്തങ്ങൾ മേളയിൽ അവതരിപ്പിക്കും.
ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിലെ അദ്ധ്യാപകർ നൽകുന്ന മൂന്ന് ദിവസത്തെ സർട്ടിഫൈഡ് കോഴ്സും നടക്കും. ഡോ.ബാലകൃഷ്ണ ശങ്കർ, ഡോ. പ്രേംനായർ, ഡോ.ബിജോയ്, ഡോ.മഹേഷ് കപ്പനായിൽ,ഡോ.ഗോപാൽ പിള്ള തുടങ്ങിയവർ പങ്കെടുത്തു.