nepal-died

കൊച്ചി: നേപ്പാൾ യാത്രയിൽ ഉണ്ടാകേണ്ടതായിരുന്നു രാജേഷും കുടുംബവും. 'ഇവിടെ ഭയങ്കര തണുപ്പാണ്.' എന്ന് തിങ്കളാഴ്ച രാത്രി പത്തരയ്ക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ നേപ്പാളിൽ നിന്ന് കൂട്ടുകാരുടെ സന്ദേശം കണ്ടപ്പോൾ പോകാനാകാഞ്ഞതിൽ തെല്ല് വിഷമവും തോന്നി. അത് അവരുടെ അവസാന സന്ദേശമാണെന്ന് ഇന്നലെ ഉച്ചയോടെ അറി​ഞ്ഞപ്പോൾ വി​ശ്വസി​ക്കാനാവാത്ത അവസ്ഥയി​ലായി രാജേഷ്.

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ കോളേജ് ഒഫ് എൻജിനിയറിംഗിലെ 2000 ബാച്ച് വിദ്യാർത്ഥികളായിരുന്നു രഞ്ജിത്തും പ്രവീണും രാജേഷും. തിരുവനന്തപുരത്ത് വീടെടുത്ത് ഒരുമിച്ചായിരുന്നു താമസം. വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ തിരക്കിനിടയിലും കൂട്ടുകാരെല്ലാം സജീവം.

ചർച്ചചെയ്ത് ‌യാത്ര ജനുവരി​യി​ലേക്ക് നീണ്ടപ്പോൾ ഒഴി​വാകേണ്ടി​ വന്നതാണ് രാജേഷിന്. ആ ബാച്ചിലെ കൂട്ടുകാരും കുടുംബങ്ങളും ചേർന്നൊരു യാത്രയാണ് പ്ളാൻ ചെയ്തത്. ഡിസംബറിലാണ് ഗ്രൂപ്പിൽ ഈ ആശയം ചർച്ചയ്ക്കുവന്നതും പ്ളാനിംഗ് നടന്നതുമെല്ലാം. തീയതി തീരുമാനമാകാൻ വൈകി​യതി​നാൽ പലരും ഒഴി​വാകുകയായി​രുന്നു.

അങ്ങനെയാണ് ചേർത്തല സ്വദേശി ജയകൃഷ്ണനും തിരുവനന്തപുരം സ്വദേശി രാംകുമാറും കുടുംബസമേതം പ്രവീണി​ന്റെയും രഞ്ജി​ത്തി​ന്റെയും കൂടെ ചേർന്നത്. കാക്കനാട് ഇൻഫോപാർക്കിൽ ഐക്യൂബ് ഇന്നോവേഷനിൽ എൻജിനിയറാണ് വെണ്ണല സ്വദേശി​യായ ടി​.ആർ. രാജേഷ്.