മൂവാറ്റുപുഴ: പെരിയാർ വാലി കനാലിൽ വെള്ളം തുറന്ന് വിടാത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കുടിവെള്ളക്ഷാമം രൂക്ഷമായ മുളവൂർ പ്രദേശത്ത് ആയിരക്കണക്കിനാളുകൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പെരിയാർ വാലി കനാലിനെയാണ്. കാലവർഷത്തെ തുടർന്നുണ്ടായ പ്രളയത്തിൽ കനാലുകളിൽ ചെളിയും മണ്ണും അടിഞ്ഞ് കൂടിയതും കാട് കയറിയതും മൂലം കനാൽ അറ്റകുറ്റപ്പണി നടത്തിയിരുന്നില്ല. ഇതോടെ വെള്ളം തുറന്ന് വിടാനാകാത്ത അവസ്ഥയായിരുന്നു. വേനൽ ആരംഭിക്കുന്നതിന് മുമ്പേ തൊഴിലുറപ്പുകാർ അറ്റകുറ്റപ്പണി പൂർത്തീകരിച്ച് വെള്ളം തുറന്ന് വിടുകയാണ് പതിവ്. എന്നാൽ,ഇത്തവണ പെരിയാർ വാലി നേരിട്ട് കനാലിന്റെ അറ്റകുറ്റപ്പണി തീർക്കുന്നതിനു തീരുമാനിക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനം ടെൻഡർ ചെയ്തിട്ടും കരാറുകാർ പ്രവർത്തിയെടുക്കാൻ തയ്യാറാകാത്തത് തിരിച്ചടിയായി.അറ്റകുറ്റപ്പണി തീർക്കാതെ വെള്ളം തുറന്ന് വിടാൻ പറ്റില്ലെന്ന നിലപാട് പെരിയാർ വാലി അധികൃതരും സ്വീകരിച്ചതോടെ പ്രദേശത്തെ ജനങ്ങൾ ജനകീയ കൂട്ടായ്മ രൂപീകരിച്ച് അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. ഇതിനായി പ്രദേശവാസികളിൽ നിന്നും പണവും സ്വരൂപിച്ചിരുന്നു. തുടർന്ന് മണ്ണ് മാന്തി യന്ത്രവും തൊഴിലാളികളെയും ഉപയോഗിച്ച് കറുകടം മുതൽ മുളവൂർ വരെയുള്ള ബ്രാഞ്ച് കനാലിന്റെ പൊന്നിരിക്കപ്പറമ്പ് വരെയും പെരുമറ്റം ബ്രാഞ്ച് കനാലിന്റെ മുളവൂർ കുറ്റിക്കാട്ട് ചാലിപീടിക വരെയുമുള്ള ഭാഗങ്ങൾ ശുചീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ,പ്രദേശത്തേയ്ക്ക് വെള്ളം സുഗമമായി എത്തുന്നതിന് കനാലിൽ നിന്നും ചെളിയും മണ്ണും നീക്കം ചെയ്യുകയും ചെയ്തിരുന്നു.

ഉപരോധത്തിനൊരുങ്ങി നാട്ടുകാർ

21 മുതൽ കനാലിലൂടെ വെള്ളം തുറന്ന് വിടുമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചങ്കിലും ആവശ്യത്തിന് വെള്ളം തുറന്ന് വിടാത്തതിനാൽ മുളവൂർ പ്രദേശത്തേയ്ക്ക് നിലവിൽ വെള്ളം എത്തുന്നില്ല.കനാലിൽ ഇനിയും വെള്ളം തുറന്ന് വിടുന്നതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാത്ത പക്ഷം പെരിയാർ വാലി ഓഫീസ് ഉപരോധമടക്കമുള്ള പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.

കുടിവെള്ള പദ്ധതിയും അവതാളത്തിൽ

കനാലിൽ വെള്ളമില്ലാത്തതിനെ തുടർന്ന് പ്രദേശത്ത് ചെറുതും വലുതുമായി നിരവധി കുടിവെള്ള പദ്ധതികളുടെ പ്രവർത്തനവും അവതാളത്തിലായിരിക്കുകയാണ്. തോടുകളും കുളങ്ങളും ചിറകളും വറ്റി വരണ്ടതും പ്രദേശത്തെ കുടി വെള്ള ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. പ്രദേശത്തെ ഏക്കർ കണക്കിന് നെൽ കൃഷിയും പയറ് അടക്കമുള്ള പച്ചക്കറി കൃഷിയും, വാഴ, തെങ്ങ്, ജാതി അടക്കമുള്ള കൃഷികളും നിലവിൽ ഉണങ്ങിയ നിലയിലാണ്.