നെടുമ്പാശേരി: ചെങ്ങമനാട് പഞ്ചായത്തിലെ 12ാം വാർഡിലെ പുറയാർ ചാന്തേലിപ്പാടത്തെ തരിശിടത്തിൽ നെൽകൃഷിയുടെ വിളവെടുപ്പ് ആഘോഷമായി. കൃഷി വകുപ്പിൻെറയും ചെങ്ങമനാട് സഹകരണ ബാങ്കിൻെറയും സഹായത്തോടെ മൂന്നര ഏക്കർ തരിശിടത്തിൽ 'പ്രത്യാശ'വിത്തുപയോഗിച്ചാണ് നെൽകൃഷിയിറക്കിയത്.
ചെങ്ങമനാട് സർവ്വീസ് സഹകരണ ബാങ്ക് 'ചെങ്ങമനാടൻ കുത്തരി'യാക്കി വിപണിയിലിറക്കും. കൊയ്ത്തിന് ശേഷം കുത്തരിക്കഞ്ഞിയും ചമ്മന്തിയും അച്ചാറും തൈരും പപ്പടവും കായ ഉലത്തും ഉൾപ്പെട്ട നാടൻ ഭക്ഷണവും വിളമ്പി. അൻവർസാദത്ത് എം.എൽ.എ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പദ്ധതി കോഓർഡിനേറ്ററും പരമ്പരാഗത മാതൃക കർഷകനുമായ നൗഷാദ് പാറപ്പുറം പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ചെങ്ങമനാട് സഹകരണ ബാങ്ക് പ്രസിഡൻറ് പി.ജെ. അനിൽ, ബ്‌ളോക്ക് പഞ്ചായത്തംഗം രാജേഷ് മടത്തിമൂല, ജയന്തി അനിൽകുമാർ, കെ.പി. വത്സമ്മ, ഇ.പി. കുഞ്ഞുമുഹമ്മദ്, മിനി ശശികുമാർ, കെ. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.