കൊച്ചി: കേരളത്തിലെ റോമൻ കത്തോലിക്കാസഭയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്തയായ ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്ത എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പ്രഖ്യാപനം നടത്തി.
ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്പ്സ് കൗൺസിൽ പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, ബിഷപ്പുമാരായ ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. അലക്‌സ് വടക്കുംതല, ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ എന്നിവരും വൈദികരും സന്ന്യസ്തരും സഹകാർമ്മികത്വം വഹിച്ചു. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലിത്തൻ വികാർ ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ പങ്കെടുത്തു.