കൊച്ചി : കേരള ബ്ളാസ്റ്റേഴ്സ് വിനോദ നികുതി നൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചി നഗരസഭ നൽകിയ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബ്ളാസ്റ്റേഴ്സ് സി.ഇ.ഒ വെറിൻ ഡിസിൽവ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
ജി.എസ്.ടി നിലവിൽ വരുന്നതിന് മുമ്പ് കൊച്ചി നഗരസഭയ്ക്ക് കേരള ബ്ളാസ്റ്റേഴ്സ് ഫുട്ബോൾ ടീം കമ്പനി വിനോദ നികുതി നൽകിയിരുന്നു. ജി.എസ്.ടി വന്നതോടെ ടിക്കറ്റിന്റെ 20 ശതമാനം സംസ്ഥാന സർക്കാർ നികുതിയായി ഈടാക്കുന്നുണ്ട്. നഗരസഭയുടെ വിഹിതം സർക്കാർ നൽകുന്നുമുണ്ട്.
നഗരസഭയുടെ വിനോദ നികുതിയിൽ നിന്ന് സിനിമാ പ്രദർശനം ഒഴികെയുള്ള വിനോദ പരിപാടികളെ ഒഴിവാക്കുകയും ചെയ്തു. സിനിമാ പ്രദർശനങ്ങൾക്ക് 10 ശതമാനം വിനോദ നികുതി നഗരസഭകൾക്ക് ഈടാക്കാം. ഈ നിർദ്ദേശം ഫുട്ബാൾ മത്സരങ്ങൾക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ നവംബറിൽ നഗരസഭ കേരള ബ്ളാസ്റ്റേഴ്സിന് നോട്ടീസ് നൽകിയത്. ഇതു നടപ്പാക്കിയാൽ ഇരട്ട നികുതി നൽകേണ്ട സ്ഥിതി വരുമെന്നും നഗരസഭയുടെ നോട്ടീസ് റദ്ദാക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.