കൊച്ചി: ഡോ.പല്പുവിന്റെ 70ാമത് ചർമവാർഷിക ദിനമായ ജനുവരി 25ന് എസ്.എൻ.ഡി.പി യോഗം കലൂർ ശാഖയും ചതയോപഹാരം ഗുരുദേവ ട്രസ്റ്റും സംയുക്തമായി അനുസ്മരണ സംഗമം സംഘടിപ്പിക്കും. കലൂർ ആസാദ് റോഡിലെ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ ശനിയാഴ്ച 3.30ന് ചേരുന്ന സംഗമം സ്പെഷ്യലിസ്റ്റ്സ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. കെ.ആർ രാജപ്പൻ ഉദ്ഘാടനം ചെയ്യും. കലൂർ സൗത്ത് ശാഖായോഗം പ്രസിഡന്റ് പി.ഐ തമ്പി അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം ഡൽഹി യൂണിയൻ പ്രസിഡന്റ് ടി.കെ കുട്ടപ്പൻ മുഖ്യാതിഥിയായി പങ്കെടുക്കും. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺവീനർ കെ.കെ പീതാംബരൻ ഈഴവ മെമ്മോറിയൽ കീഴാള വർഗ്ഗത്തിന്റെ പ്രഥമ അവകാശ പ്രമാണം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പാലാരിവട്ടം എസ്.എൻ.ഡി.പി ശാഖായോഗം സെക്രട്ടറി അഡ്വ. ശ്രീകുമാർ തട്ടാരത്ത് ഡോ. പല്പു അനുസ്മരണം നടത്തും. ചടങ്ങിൽ എറണാകുളം സിറ്റി നോർത്ത് ശാഖാ സെക്രട്ടറിയായി ഇരുപത് വർഷം പിന്നിടുന്ന ഇ.കെ സുരേഷ് കുമാറിനെ പൊന്നാട അണിയിച്ച് ആദരിക്കും. കെ.സി വിജയൻ, പി.എം മനീഷ്, സുനിൽ പി.പുളിക്കൻ എന്നിവർ സംസാരിക്കും. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് വൈസ് ചെയർമാൻ വി.എസ് സുരേഷ് സ്വാഗതവും ശാഖായോഗം സെക്രട്ടറി ഐ.ആർ തമ്പി നന്ദിയും പറയും.