മൂവാറ്റുപുഴ: നിലവിലെ സാഹചര്യത്തിൽ ഗാന്ധിയൻ തത്വങ്ങളുടെ പ്രസക്തി വർദ്ധിച്ചതായി മുൻ എം.പി. അബ്ദുസമദ് സമദാനി പറഞ്ഞു. മൂവാറ്റുപുഴ നിർമ്മല കോളേജിൽ സ്ഥാപിതമാകുന്ന മഹാത്മാഗാന്ധി ദാർശനിക് സ്ഥൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയും സഹിഷ്ണുതയും വിശാലമായ മാനവികതയുമാണ് ഗാന്ധിമാർഗത്തിന്റെ മുഖമുദ്രകൾ. രാജ്യവും സാംസ്‌കാരവും സമ്മിശ്രമാണന്ന അടിസ്ഥാന തത്വം ഗാന്ധിജി വേണ്ടുവോളം ഉൾക്കൊണ്ടിരുന്നു. യഥാർത്ഥ മതവിശ്വാസിക്ക് മതനിരപേക്ഷമായ മാനവികതയെ ഒരിക്കലും തിരസ്‌ക്കരിക്കാനാവില്ലെന്ന് അദ്ദേഹത്തിന്റെ തത്വങ്ങളും ജീവിതങ്ങളും പഠിപ്പിച്ചു. കലുഷമായ കാലത്തെ കാരുണ്യവും സാന്ത്വനവുമാണ് ഗാന്ധി. മനുഷ്യന്റെ ബോധ മണ്ഡലത്തെ അദ്ദേഹം ഉണർത്തുന്നു. നൈതികതയുടെ ഓർമ്മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ ദർശനം. എല്ലാ മതസമുദായങ്ങളും കൂടി കെട്ടിപ്പടുത്തതാണ് ഇന്ത്യ എന്ന തിരിച്ചറിവാണ് ഗാന്ധിയൻ രാഷ്ട്രീയത്തിൻറെ കാതലായ വശം. അതിൻറെ പേരിൽ തന്നെയാണ് ഗാന്ധി കൊല ചെയ്യപ്പെട്ടതും. ഇന്ന് അനീതിക്കും വർഗീയതക്കും എല്ലാ തരം വിവേചനങ്ങൾക്കും വിഭജനങ്ങൾക്കും എതിരായി രാജ്യത്ത് ഉയരുന്ന ഓരോ പ്രതിഷേധത്തിലൂടെയും ഗാന്ധിജി പുനർജനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രിൻസിപ്പൽ ഡോ.ജയിംസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.ജോർജി നീറനാൽ ,ഫാ ഫ്രാൻസിസ് കണ്ണാടൻ, ഡോ.പി.ബി.സനീഷ് എന്നിവർ സംസാരിച്ചു.