ആലുവ: വേനൽ കടുക്കുന്ന സാഹചര്യത്തിൽ കീഴ്മാട് പഞ്ചായത്തിലെ ചിറപ്പുറം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. നിലവിലുണ്ടായിരുന്ന ചിറപ്പുറം ലിഫ്റ്റ് ഇറിഗേഷൻ ടാങ്കിന് ഗുരുതരമായ പാളിച്ചകളുണ്ടായിരുന്നു. അതിനാൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൽ മുത്തലിബിന്റെ ഫണ്ട് ഉപയോഗിച്ച് ലിഫ്റ്റ് ഇറിഗേഷനായി പുതിയ ടാങ്ക് പണിത് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാൽ ഇതുവരെയായിട്ടും പമ്പിംഗ് ആരംഭിച്ചിട്ടില്ല. വേനൽ കനത്തതോടെ വാഴകൾ ഉൾപ്പടെയുള്ള കൃഷികൾ കരിഞ്ഞുണങ്ങുന്നതായി കർഷകർ ഗ്രാമസഭയിൽ പറഞ്ഞു. കിണറുകളിലും വെള്ളം കുറഞ്ഞുകൊണ്ടിരിക്കുന്നു. പമ്പിംഗ് ആരംഭിച്ചാൽ സമീപ കിണറുകളിൽ ഉൾപ്പെടെ വെള്ളം ലഭിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. പഴയ പദ്ധതി പ്രകാരം അമ്പലപറമ്പിലെ കുറച്ച് ഭാഗത്ത് മാത്രമാണ് പ്രയോജനം ലഭിക്കാനിടയുള്ളത്. ഇതിന് പരിഹാരമായി പുതിയ ടാങ്കിൽ നിന്ന് കൂടുതൽ ഭാഗത്തേക്ക് പ്രയോജനം ലഭിക്കത്ത വിധത്തിൽ കൂടുതൽ പൈപ്പ് ലൈൻ വലിക്കണമെന്ന് ആറാംവാർഡ് ഗ്രാമസഭാ യോഗം ആവശ്യപ്പെട്ടു.

കുട്ടമശേരിയിൽ പ്രവർത്തിക്കുന്ന ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിലേക്ക് നൂറ് കണക്കിന് ആളുകൾ എത്തിച്ചേരുന്നതിനാൽ ദീർഘദൂര ബസുകൾക്ക് ഇവിടെ സ്‌റ്റോപ്പ് അനുവദിക്കണമെന്നും ഗ്രാമസഭ ആവശ്യപ്പെട്ടു. വർഷങ്ങളായി തകർന്നുകിടക്കുന്ന പറയൻകുടി റോഡ്, മരത്താംകുടി റോഡ് എന്നിവ നന്നാക്കാൻ നടപടി വേണമെന്നും ആവശ്യമുയർന്നു. വാർഡ് അംഗം സൗജത്ത് ജലീലിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ്, അംഗം വി.വി. മന്മഥൻ, കോ ഓർഡിനേറ്റർ സിമി എന്നിവർ സംസാരിച്ചു.