കൊച്ചി: ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും വേണ്ടി നടത്തിയിരുന്ന സാന്ത്വനസംഗീതം പരിപാടി പുനരാരംഭിച്ചു. കൊച്ചി കപ്പൽ ശാലയാണ് പരിപാടി വീണ്ടും ആരംഭിക്കാൻ സഹായം നൽകുന്നത്.
കൊച്ചി ബിനാലെ ഫൗണ്ടേഷൻ മുൻകൈയെടുത്ത് ഏതാനും വർഷങ്ങളായി നടത്തിയിരുന്ന പരിപാടി സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയിരുന്നു. മെഹബൂബ് സ്‌മാരക ഓർക്കെസ്ട്രയാണ് ബുധനാഴ്ചകളിൽ സാന്ത്വന സംഗീത പരിപാടി അവതരിപ്പിക്കുന്നത്. ഇന്നലെ മുതൽ കപ്പൽശാല പരിപാടി സ്പോൺസർ ചെയ്യും. ജീവനക്കാർക്കും ആനന്ദം പകരുന്ന പരിപാടി ബുധനാഴ്ചകളിൽ രാവിലെ 10 ന് ആരംഭിക്കും.
രോഗികൾക്ക് കൈത്താങ്ങായി കപ്പൽശാല
പാവപ്പെട്ട രോഗികളുടെ ആശ്രയമായ എറണാകുളം ജനറൽ ആശുപത്രിക്ക് വീണ്ടും കൊച്ചി കപ്പൽശാലയുടെ കൈത്താങ്ങ്. ആംബുലൻസുകൾ ഉൾപ്പെടെ അഞ്ചു പുതിയ വാഹനങ്ങൾ ഇന്നലെ കൈമാറി. ഏതാനും വർഷങ്ങളായി തുടരുന്ന സഹായമാണ് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ഇതുവരെ കോടി രൂപയാണ് ജനറൽ ആശുപത്രിക്ക് നൽകിയത്.
രണ്ട് ആംബുലൻസുകൾ, പാലിയേറ്റീവ് കെയർ വിഭാഗത്തിന് മൂന്നു വാഹനങ്ങൾ എന്നിവ കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായർ കൈമാറി.
ഇതുവരെ നൽകിയ സഹായങ്ങൾ
എം.ആർ.ഐ യൂണിറ്റ് : 150കോടി രൂപ
ലീനിയർ ആക്സിലേറ്റർ : 200കോടി രൂപ
പാലിയേറ്റീവ് കെയർ യൂണിറ്റിന് : 30 ലക്ഷം രൂപ
മാലിന്യ സംസ്കരണ പ്ളാന്റിന് : 10 ലക്ഷം രൂപ
അഞ്ചു വാഹനങ്ങൾ വങ്ങാൻ : 32 ലക്ഷം രൂപ
രോഗികൾക്ക് പോഷകാഹാരം : 10 ലക്ഷം രൂപ