കൊച്ചി: പതിറ്റാണ്ടുകൾ അന്നമേകിയ ബി.എസ്.എൻ.എല്ലിനെ ഈ മാസാവസാനം വിട്ടുപിരിയുന്ന ജീവനക്കാർ 1022 പേർ. പ്രതിസന്ധിയിൽ നട്ടംതിരിയുന്ന സ്ഥാപനത്തിൽ നിന്ന് സ്വയംവിരമിക്കുന്ന എറണാകുളം ബിസിനസ് ഏരിയയിലുള്ളവരാണിവർ. വി.ആർ.എസെടുക്കന്നവരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാം സ്ഥാനമാണ് എറണാകുളത്തിന്.

ഒന്നാം സ്ഥാനം ഹൈദരാബാദിനാണ്. എറണാകുളം, ഇടുക്കി ജില്ലകളും ലക്ഷദ്വീപുമാണ് എറണാകുളം ബിസനസ് ഏരിയയിൽ ഉൾപ്പെടുന്നത്.

മാസങ്ങളായി ബി.എസ്.എൻ.എല്ലിൽ കൃത്യമായി ശമ്പളം ലഭിക്കുന്നില്ല. ചെലവു ചുരുക്കാനും ഇതര വരുമാന മാർഗങ്ങൾ സ്വീകരിക്കാനുമുള്ള നീക്കങ്ങളുടെ ഭാഗമായാണ് വി.ആർ.എസ് പ്രഖ്യാപിച്ചത്.

# വി.ആർ.എസുകാർക്ക് ലഭിക്കുന്നത്

50 വയസ് കഴിഞ്ഞവർക്കാണ് വി.ആർ.എസ്. സർവീസിലിരുന്ന ഓരോ വർഷത്തെയും 35 ദിവസത്തെ ശമ്പളത്തിനും വിരമിക്കൽപ്രായംവരെ ഓരോ വർഷത്തെയും 25 ദിവസത്തെ ശമ്പളത്തിനും ആനുപാതികമായ തുകയാണ് ലഭിക്കുക.

# പിരിയാതെ വയ്യെന്ന് ജീവനക്കാർ

ശമ്പളം വൈകുന്നതിൽ മനംമടുത്താണ് ഭൂരിഭാഗവും ജോലി വിടുന്നത്. പി.എഫ് വിഹിതത്തിൽ കോടികളുടെ കുടിശികയുണ്ട്. എൽ.ഐ.സി അടവ് മുടങ്ങി. ബാങ്കുകളിൽ നിന്ന് ലോണെടുക്കാൻ നിർവാഹമില്ലാതായി. ജീവനക്കാരുടെ പരിഭവങ്ങൾ ഇങ്ങിനെ.

# ഉപഭോക്താക്കളുടെ ഹൃദയത്തിൽ ഒന്നാം സ്ഥാനത്ത്

ജീവശ്വാസത്തിനായി പോരാടുന്ന ബി.എസ്.എൻ.എല്ലിന് ഉപഭോക്താക്കളുടെ മനസിൽ ഇപ്പോഴും ഒന്നാം സ്ഥാനമുണ്ട്. ഓരോ മാസവും 20,000 പുതിയ മൊബൈൽ ഉപയോക്താക്കളാണ് എറണാകുളം മേഖലയിൽ ബി.എസ്.എൻ.എല്ലിലേക്ക് എത്തുന്നത്. സ്വകാര്യ കമ്പനികൾ നിരക്ക് ഉയർത്തിയതോടെ പോർട്ട് ചെയ്യുന്നവരുടെ എണ്ണം കൂടി.

# ഇനി എല്ലാം പുറംകരാർ

ജീവനക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വൻകുറവിനെ നേരിടാൻ ബി.എസ്.എൻ.എൽ ഒരുങ്ങികഴിഞ്ഞു.

ബില്ലിംഗ് പൂർണമായി ഓൺലൈനാക്കി. പ്രധാന ഓഫീസുകളിൽ ഒഴികെയുള്ള കസ്റ്റമർ സർവീസ് കേന്ദ്രങ്ങൾ പൂട്ടി.

ലൈൻ, കേബിൾ പരിപാലനം, ഗ്രാമീണ എക്സ്ചേഞ്ചുകളുടെയും ടവറുകളുടെയും പരിപാലനം, മാർക്കറ്റിംഗ് തുടങ്ങിയവ പുറംകരാർ നൽകും.