കൊച്ചി: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ പ്ലാന്റിന് ബ്രഹ്മപുരത്ത് കോർപ്പറേഷന്റെ വക സ്ഥലം വിട്ടുനൽകാൻ സർക്കാർ തീരുമാനം. 20 ഏക്കറോളം സ്ഥലമാണ് നൽകുക. കമ്പനിയുമായി പാട്ടക്കരാർ ഉണ്ടാക്കാൻ സാധിക്കില്ലെന്ന കോർപ്പറേഷന്റെ നിലപാട് മറികടന്നാണ് സർക്കാർ തീരുമാനം. പ്ളാന്റ് നിർമ്മാണം ഏറ്റെടുത്ത ജെ.ജെ. നേച്ചർ കെയർ കൺസോർഷ്യം നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കൗൺസിൽ ഒറ്റക്കെട്ടായി എതിർത്തതോടെ അനുമതി നിഷേധിക്കപ്പെട്ടു. ആധുനിക പ്ളാന്റിന്റെ നിർമ്മാണത്തിനായി സ്ഥലം പണയംവച്ച് ബാങ്കിൽ നിന്ന് പണം വായ്പയെടുക്കുകയാണ് കമ്പനിയുടെ ഉദ്ദേശം.

# കമ്പനിയുടെ ആവശ്യം അംഗീകരിച്ചു

പ്ളാന്റ് നിർമ്മാണത്തിന് 2016 ലാണ് കോർപ്പറേഷനും കമ്പനിയും കരാർ ഒപ്പിട്ടത്. ബാങ്ക് വായ്പക്ക് കരാർ പര്യാപ്തമല്ലെന്ന് വന്നതോടെ 20 ഏക്കർ സ്ഥലം പാട്ടത്തിന് വേണമെന്ന് കമ്പനി സർക്കാറിനോട് ആവശ്യപ്പെട്ടു. പാട്ടക്കരാർ വേണമെന്ന കമ്പനിയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. മുനിസിപ്പൽ നിയമത്തിന്റെ പിൻബലത്തോടെ സ്ഥലം പാട്ടത്തിന് നൽകാൻ തദ്ദേശഭരണ വകുപ്പ് തീരുമാനിക്കുകയായിരുന്നു. അതേസമയം സ്വകാര്യ കമ്പനിക്ക് ഭൂമിയിൽ കൂടുതൽ അവകാശം നൽകുന്ന വിധത്തിൽ കരാർ ഉണ്ടാക്കുന്നത് ഭാവിയിൽ ബാധ്യതയാവുമെന്ന് ആക്ഷേപമുണ്ട്.

# കൂടുതൽ ചർച്ച വേണം

സ്ഥലം വിട്ടുനൽകാൻ ധാരണയായെങ്കിലും പാട്ട വ്യവസ്ഥയിലും മറ്റ് നടപടിക്രമങ്ങളിലും വ്യക്തത വന്നിട്ടില്ലാത്തതിനാൽ കൂടതൽ ചർച്ചകൾ ആവശ്യമാണ്

സൗമിനി ജയിൻ,കൊച്ചി മേയർ

# പ്രധാന വ്യവസ്ഥകൾ

കോർപ്പറേഷനും ജി.ജെ. കമ്പനിയുമായി 20 വർഷത്തേക്ക് കരാർ

സ്ഥലവാടകയായി പ്രതിമാസം പത്തുലക്ഷം കമ്പനി കോർപ്പറേഷന് നൽകണം

നിർമ്മാണം തുടങ്ങി ഒന്നര വർഷത്തിനുള്ളിൽ പ്ലാന്റ് പൂർത്തിയാക്കും

500 ടൺ മാലിന്യം സംസ്കരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു

300 ടൺ മാലിന്യം നിത്യേന എത്തിക്കാമെന്ന് കൊച്ചി കോർപ്പറേഷന്റെ ഉറപ്പ്

ഗ്യാസിഫിക്കേഷൻ മാർഗത്തിലൂടെ ജൈവ, അജൈവ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കും

പ്രതിവർഷം 4.7 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം

ഒരു ടൺ മാലിന്യത്തിൽ നിന്ന് 430 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുമെന്ന് കമ്പനി

ഒരു യൂണിറ്റ് വൈദ്യുതിക്ക് 15 രൂപയാണ് കമ്പനി ഈടാക്കുന്നത്

യൂണിറ്റൊന്നിന് 6.17 രൂപ നിരക്കിൽ കെ.എസ്.ഇ.ബിക്ക് വൈദ്യുതി വിൽക്കും