# കലൂർ സബ് സ്റ്റേഷൻ 220 കിലോ വാട്ടിലേയ്ക്ക്

# ഭൂഗർഭ കേബിൾ സ്ഥാപിക്കൽ മുന്നോട്ട്

കൊച്ചി: തടസവും ഇടർച്ചയും വോൾട്ടേജ് വ്യതിയാനവുമില്ലാത്ത വൈദ്യുതി നഗരത്തിലെമ്പാടും ലഭ്യമാകാൻ ഇനി അധികം കാത്തിരിക്കേണ്ട. എറണാകുളം നഗരഹൃദയത്തിൽ വൈദ്യുതി വിതരണം ചെയ്യുന്ന കലൂർ സബ് സ്റ്റേഷൻ 220 കിലോവാട്ടായി (കെ.വി) വികസിപ്പിക്കുന്ന ജോലികൾ അന്തിമഘട്ടത്തിൽ. ഭൂഗർഭ കേബിളിടുന്ന ജോലിയും പൂർത്തിയായാൽ നഗരത്തിലെ വൈദ്യുതി വിതരണം തടസങ്ങളില്ലാത്തതായി മാറുമെന്ന് അധികൃതർ പറഞ്ഞു.

എറണാകുളം മേഖലയിലെ വൈദ്യുതി പ്രസരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് 110 കെ.വിയിൽ നിന്ന് 220 കെ.വിയിലേക്ക് വികസിപ്പിക്കുന്നത്. വർദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗവും ഭാവി ആവശ്യങ്ങളും നേരിടാൻ ലക്ഷ്യമിട്ടാണ് സബ് സ്റ്റേഷൻ നവീകരിക്കുന്നത്. ട്രാൻസ് ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സബ് സ്റ്റേഷൻ നിർമ്മാണം പൂർത്തിയാക്കുന്നത്. ഗ്യാസ് ഇൻസുലേറ്റഡ് എന്ന ആധുനിക സബ് സ്റ്റേഷനാണ് സ്ഥാപിക്കുന്നത്.

# തീരാറായ നിർമ്മാണങ്ങൾ

ബ്രഹ്മപുരം സബ് സ്റ്റേഷനിൽ നിന്നാണ് കലൂരിലേക്ക് 220 കെ.വി വൈദ്യുതി എത്തിക്കും

തുതിയൂർ മുതൽ കലൂർ വരെ 4.5 കിലമീറ്റർ ലൈനിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ

തുതിയൂർ മുതൽ കലൂർ വരെ 220 കെ.വി. ഭൂഗർഭ കേബിൾ സ്ഥാപിച്ചാണ് വൈദ്യുതി എത്തിക്കുന്നത്

തുതിയൂർ മുതൽ പാലാരിവട്ടം സ്പൈസസ് ബോർഡ് ഓഫീസ് വരെ പൂർത്തിയായി

ദേശീയപാത സർവീസ് റോഡ് മുതൽ കൊച്ചാപ്പള്ളി റോഡ്, സിവിൽ ലൈൻ റോഡ് വഴി കലൂരിലേയ്ക്ക് കേബിൾ സ്ഥാപിക്കൽ തുടരുന്നു

എച്ച്.ഡി.സി സാങ്കേതികവിദ്യയിൽ റോഡ് മൊത്തത്തിൽ കുത്തിപ്പൊളിക്കാതെയാണ് കേബിളിടുന്നത്

# കലൂരിൽ നിന്ന് വൈദ്യുതി എത്തുന്നിടങ്ങൾ

ഹൈക്കോടതി പരിസരം

എം.ജി. റോഡ്

തേവര

വടുതല

ചിറ്റൂർ

ഇടപ്പള്ളി

പാലാരിവട്ടം

വെണ്ണല

കലൂർ

# സമയബന്ധിതമായി തീർക്കും

തിരക്കേറിയ റോഡുകളിൽ രാത്രിയാണ് പ്രധാന ജോലികൾ നടത്തുന്നത്. ജനങ്ങൾക്ക് പരമാവതി ബുദ്ധിമുട്ടുകൾ കുറച്ചാണ് പണികൾ. സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണ്.

അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ,കെ.എസ്.ഇ.ബി, കലൂർ