കൊച്ചി: കളമശേരി വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ പൊന്നാരിമംഗലം ടോൾപ്ലാസയിലെ ഫാസ്ടാഗ് സംവിധാനം പുനക്രമീകരിച്ചു. നിലവിലെ ഒരു കാഷ് കൗണ്ടറും നാല് ഫാസ്ടാഗ് കൗണ്ടറുകളും എന്നത് മാറ്റി രണ്ട് കാഷ് കൗണ്ടറുകളും മൂന്ന് ഫാസ്ടാഗ് കൗണ്ടറുകളും എന്ന നിലയിൽ ഒരു മാസത്തേക്ക് പ്രവർത്തിപ്പിക്കും.
യാത്രക്കാരുടെ പരാതിയിൽ ജില്ലാ കളക്ടർ എസ്. സുഹാസ് ഇടപെട്ടാണ് മാറ്റം വരുത്തിയത്. പൊതുജനങ്ങൾക്കുണ്ടായ അസൗകര്യങ്ങൾ ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് സുഗമമായ യാത്രാസൗകര്യം ഒരുക്കാൻ കളക്ടർ വിളിച്ച യോഗത്തിലാണ് തീരുമാനം.
അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്താൽ പൊലീസ് നടപടി സ്വീകരിക്കും. ആംബുലൻസുകൾക്കും സ്‌കൂൾ ബസുകൾക്കും സുഗമമായി കടന്ന് പോകാൻ സൗകര്യങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകി. യാത്രക്കാർ ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറണമെന്നു കളക്ടർ നിർദ്ദേശിച്ചു.