അങ്കമാലി: 15 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ച അങ്കമാലി - മഞ്ഞപ്ര റോഡിന്റെ വികസന പ്രവൃത്തികൾ ഫെബ്രുവരി ആദ്യം ആരംഭിക്കും. നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളുടെ വികസനത്തിനായി അനുവദിച്ചിട്ടുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് റെസ്റ്റ് ഹൗസിൽ റോജി എം. ജോൺ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.
ഫെബ്രുവരി ആദ്യവാരത്തിൽ തന്നെ നിർമ്മാണം ആരംഭിക്കുവാനും സമയബന്ധിതമായി പൂർത്തിയാക്കുവാനും എം.എൽ.എ നിർദ്ദേശം നൽകി. ഇതോടനുബന്ധമായി അങ്കമാലി ക്യാമ്പ് ഷെഡ് റോഡും തുറവൂർ വാതക്കാട് റോഡും ബി.എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിനും നടപടികളായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോൾ, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു വി.തെക്കേക്കര, മഞ്ഞപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുനിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ടി.എം. വർഗീസ്, സിജു ഈരാളി, നാഷണൽ ഹൈവേ സൂപ്രണ്ടിംഗ് എൻജിനീയർ ഐസക് വർഗീസ്, റോഡ്‌സ് വിഭാഗം സൂപ്രണ്ടിംഗ് എൻജിനീയർ കെ.ടി. ബിന്ദു, എക്‌സിക്യൂട്ടീവ് എൻജിനീയർ എ. സുരേഷ്‌കുമാർ, അസി.എക്‌സി. എൻജിനീയർമാരായ ടി.ടി. മുഹമ്മദ് ബഷീർ, പി.പി. ജയരാജൻ എന്നിവർ സംബന്ധിച്ചു