കൊച്ചി: മരടിൽ നിലംപൊത്തിയ ഫ്ലാറ്രുകളിൽ നിന്നുള്ള പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. കെട്ടിടാവശിഷ്ടങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് പരിസരവാസികളുടെ ഉറക്കം കെടുത്തുന്നത്. കമ്പിയും സിമന്റും വേർതിരിക്കുന്ന ജോലി തകൃതിയാണ് മരടിൽ. പൊടിപടലം കൊണ്ട് പലരും വീടുകളിൽ താമസത്തിന് തിരികെ എത്തിയിട്ടില്ല. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന പ്രവർത്തനങ്ങളിൽ മലിനീകരണ നിയന്ത്രണ ബോർഡിന് അതൃപ്തിയുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ പൂർണ്ണമായി മാറ്റുന്നത് വരെ ബോർഡിന്റെ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. ശബ്ദ, അന്തരീക്ഷ മലിനീകരണം നിരീക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. അതിനിടെ, കെട്ടിടാവശിഷ്ടങ്ങൾ നനയ്ക്കാൻ കായലിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം തിരികെ കായലിൽ തള്ളുന്നതിനെതിരെ ധീവരസഭ മുന്നോട്ടുവന്നു.

 മത്സ്യസമ്പത്ത് നശിക്കും

പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പഠനത്തെ ആധാരമാക്കിയാണ് ധീവരസഭയുടെ പരാതി. തിരികെ കായലിലേക്ക് തള്ളുന്ന വെള്ളത്തിൽ കലർന്ന സിമന്റും മറ്റു പൊടിപടലങ്ങളും കായലിലെ മത്സ്യ സമ്പത്ത് നശിക്കാനിടയാക്കും എന്നാണ് ഇവരുടെ വിഷയം. ഒറ്റയടിക്ക് മത്സ്യം ചത്തൊടുങ്ങില്ലെങ്കിലും പ്രജനനത്തെ ബാധിക്കാനിടയുണ്ടെന്നുമാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അങ്ങനെ വന്നാൽ വരും വർഷങ്ങളിൽ മത്സ്യസമ്പത്ത് കുറയുമെന്നും ക്രമേണ പാടെ ഇല്ലാതാകുമെന്നുമാണ് വാദം. ചിലവന്നൂർ കായലിലും സമീപത്തും പരമ്പരാഗത മത്സ്യബന്ധന തൊഴിലെടുക്കുന്ന നിരവധി പേരുണ്ട്. അതുകൊണ്ട് തന്നെ വെള്ളം തിരികെ കായലിൽ തള്ളുന്നതിനെതിരെ ജില്ലാ കളക്ടർക്കും മലിനീകരണ നിയന്ത്രണ ബോർഡിനും പരാതി നൽകിയിരിക്കുകയാണ് ധീവരസഭ.

 മത്സ്യസമ്പത്ത് സംരക്ഷിക്കണം

'കായലിലെ മത്സ്യസമ്പത്ത് നശിക്കാൻ അനുവദിക്കാനാവില്ല. വെള്ളം തിരികെ കരയിൽ തന്നെ കളയാനുള്ള സംവിധാനം ഒരുക്കണം. ഇക്കാര്യം കളക്ടറിനും മലിനീകരണ നിയന്ത്രണബോ‌ർഡിനും പരാതി ആയി നൽകിയിട്ടുണ്ട്. നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ.'

എ.വി ഷാജി

ജില്ലാസെക്രട്ടറി

അഖില കേരള ധീവരസഭ

വായു നിരീക്ഷിക്കും

'കഴിഞ്ഞ രണ്ടു ദിവസമായി മരടിൽ മലിനീകരണ നിയന്ത്രണ ബോർഡ് ക്യാമ്പ് നടത്തുന്നുണ്ട്. കുഫോസിലെ പി.എച്ച്.ഡി വിദ്യാർത്ഥികളും ക്യാമ്പിൽ സഹായിക്കാനെത്തുന്നുണ്ട്. രണ്ടുമണിക്കൂർ ഇടവേളയിൽ നാല് ഫ്ലാറ്റുകളുടെയും പരിസരത്ത് വായു മലിനീകരണവും ശബ്ദമലിനീകരണവും എത്രയുണ്ടെന്ന് നിരീക്ഷിക്കുകയാണ് ഇവർ ചെയ്യുക. പരിസരവാസികളോട് അവർ നേരിടുന്ന പ്രശ്നങ്ങളും ചോദിച്ചുമനസ്സിലാക്കുന്നുണ്ട്.'

എം.എ ബൈജു

ചീഫ് എൻജിനീയർ

മലിനീകരണ നിയന്ത്രണ ബോർഡ്