കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ എക്സൈസ് മന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. ബാബുവിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വിജിലൻസ് കേസിന്റെ തുടർച്ചയായാണ് ചോദ്യം ചെയ്യൽ.
എൻഫോഴ്സ്‌മെന്റിന്റെ മുല്ലശേരി കനാൽ റോഡിലെ ഓഫീസിലേക്ക് ബാബുവിനെ ചൊവ്വാഴ്ച വിളിച്ചു വരുത്തുകയായിരുന്നു. വിജിലൻസ് കേസുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയ ഉദ്യോഗസ്ഥർ ചില വിവരങ്ങൾ എഴുതി വാങ്ങുകയും ചെയ്തു.മുൻ യു.ഡി.എഫ് മന്ത്രിസഭയിൽ അംഗമായിരിക്കെ 28.82 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് വിജിലൻസ് കേസ്. 2018 ൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.
വിവരങ്ങൾ തേടൽ
മാത്രം: കെ. ബാബു
ചില കാര്യങ്ങളിൽ വിശദീകരണം ചോദിക്കുക മാത്രമാണ് എൻഫോഴ്‌സ്‌മെന്റ് ചെയ്തതെന്ന് കെ. ബാബു പറഞ്ഞു. വിജലൻസ് കേസ് രജിസ്റ്റർ ചെയ്യുന്ന കേസിൽ എൻഫോഴ്സ്‌മെന്റ് പരിശോധന പതിവാണ്. ചില വിവരങ്ങൾ ചോദിച്ചു. ഒരു സ്റ്റേറ്റ്മെന്റ് എഴുതി വാങ്ങി. ഫോറം പൂരിപ്പിച്ചു നൽകി.
നൂറു കോടിയോളം രൂപ താൻ സമ്പാദിച്ചെന്ന് ആരോപണം ഉന്നയിച്ചെങ്കിലും വിജിലൻസ് 28 ലക്ഷം രൂപയെന്നാണ് ഒടുവിൽ കണ്ടെത്തിയത്. എം.എൽ.എയെന്ന നിലയിൽ കൈപ്പറ്റിയതും, മന്ത്രിയായിരുന്നപ്പോൾ ട്രഷറി വഴി മാറിയതുമായ യാത്രപ്പടിയുടെ വിവരങ്ങൾ വിജിലൻസിന് കൈമാറിയത് ഉൾപ്പെടുത്തിയിട്ടില്ല. അതും പരിഗണിക്കുമ്പോൾ അനധികൃത സ്വത്തില്ലെന്ന് വ്യക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.