മൂവാറ്റുപുഴ: ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 70മത് വാർഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ സിറ്റിസൺസ് ഡയസിന്റെ നേതൃത്വത്തിൽ ഏകദിന സെമിനാർ 25ന് (ശനി) നടക്കും. രാവിലെ 9.30ന് മൂവാറ്റുപുഴ ഗവ.മോഡൽ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ ഇന്ത്യൻ ഭരണഘടനയും ബഹുസ്വരതയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ റിട്ട. ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. ഡയസ് ചെയർമാൻ പി.എസ്.എ ലത്തീഫ് അദ്ധ്യക്ഷത വഹിക്കും. പ്രമുഖ ഗാന്ധിയൻ ഡോ.എം.പി.മത്തായി ഭരണഘടനയുടെ മൂല്യങ്ങൾ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. ബഹുസ്വരത രാഷ്ട്രത്തിന്റെ മുഖമുദ്ര എന്ന വിഷയത്തിൽ ബാർ കൗൺസിൽ മെമ്പർ അഡ്വ.മുഹമ്മദ് ഷായും ഇന്ത്യൻ ഭരണഘടനയും പൗരത്വവും എന്ന വിഷയത്തിൽ മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. കെ.എസ്.മധുസൂദനനും സംസാരിക്കും. നിയമ പഠനത്തിലുള്ളവരുൾപ്പെടെ വിദ്യാർത്ഥികളും യുവജനങ്ങളുമടക്കം 400ഓളം പ്രതിപ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും. പത്രസമ്മേളനത്തിൽ സിറ്റീസൺസ് ഡയസ് വൈസ്‌ചെയർമാൻമാരായ അസീസ് പാണ്ട്യാരപ്പിള്ളി, ജോർജ് തോട്ടം, കോഓർഡിനേറ്റർ പ്രമീള ഗിരീഷ്‌കുമാർ എന്നിവരും പങ്കെടുത്തു.