മൂവാറ്റുപുഴ: സ്കൂളിലും മറ്റും ചടങ്ങുകളിൽ നല്ല പ്രാർത്ഥനാഗാനങ്ങൾ തേടി വിഷമിച്ചപ്പോൾ ഗ്രേസി ടീച്ചർക്ക് തോന്നി ഒന്നെഴുതി നോക്കാമെന്ന്. അങ്ങനെ പരീക്ഷണാടിസ്ഥാനത്തിൽ മതേതരമായ പത്ത് പ്രാർത്ഥനാ ഗീതങ്ങൾ ടീച്ചറുടെ പേനത്തുമ്പിൽ വിരിഞ്ഞു. ഭർത്താവും പിന്തുണച്ചപ്പോൾ സംഗീതമയമായി, വിദ്യാലയ ഗീതങ്ങൾ എന്ന പേരിൽ സി.ഡിയിൽ ഇവ റെഡിയായി.
മൂവാറ്റുപുഴ കലൂർ ഐപ്പ് മെമ്മോറിയൽ ഹൈസ്‌കൂളിൽ മൂന്നുപതിറ്റാണ്ടായി മലയാളം അദ്ധ്യാപികയാണ് ഗ്രേസി പോൾ ലോറൻസ്. ഇന്ന് സ്‌കൂളിൽ നടക്കുന്ന യാത്രയയപ്പ് വേദിയിലാണ് ടീച്ചറുടെ പ്രാർത്ഥനയോടെ വിദ്യാലയഗീതങ്ങളുടെ പ്രകാശനം.
40ഓളം ആൽബങ്ങളുടെ സംവിധായകനായ പ്രൊഫ.ടി.ജെ.മാത്യു തെക്കേകുന്നേലാണ് പ്രകാശനം ചെയ്യുക. പാട്ടുകളുടെ കരോക്കയും സി.ഡിയിലുണ്ട്. ഭർത്താവ് ലോറൻസ് എബ്രഹാമാണ് സി.ഡിക്ക് സാമ്പത്തിക സഹായം.
സ്‌കൂൾ അദ്ധ്യാപകനും സംഗീതജ്ഞനുമായ സജി ചെറിയാൻ, അനൂപ് ആന്റണി കോതമംഗലം എന്നിവരാണ് സംഗീത സംവിധാനം.ലെജു കടവൂർ, ചാർലിസ് മാത്യു, റിൻസി അനൂപ്, ദുർഗ ലെജു, ഡോണിയ ഷാജി, ജൊവാന വിൻസെന്റ് എന്നിവരാണ് ഗായകർ. പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പറായ ഗ്രേസി ടീച്ചർ നിലവിൽ പോത്താനിക്കാട് പബ്ലിക് ലൈബ്രറി നിർവാഹക സമിതിയംഗമാണ്.